ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട് ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തരിപ്പണമാക്കി. അടുത്തയാഴ്ച്ച നടക്കുന്ന രണ്ടാം പാദത്തില്‍ വലിയ തകര്‍ച്ച സംഭവിക്കാത്തപക്ഷം രണ്ട് ടീമുകള്‍ക്കും സെമി കളിക്കാനാവും. നുവോ കാമ്പില്‍ സ്‌ക്കോര്‍ നില സൂചിപ്പിക്കും പോലെ എളുപ്പമായിരുന്നില്ല ബാര്‍സിലോണക്ക് കാര്യങ്ങള്‍. സൂപ്പര്‍ താരം ലിയോ മെസി പരുക്കില്‍ നിന്നും മുക്തനായി പൂര്‍ണ സമയം കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. റോമയുടെ ഡിഫന്‍സിനാവട്ടെ രണ്ട് തവണ പിഴച്ചപ്പോള്‍ സെല്‍ഫ് ഗോളായി രണ്ട് വട്ടവും പന്ത് വലയില്‍ കയറുകയും ചെയ്തു. പിക്വേ, സുവാരസ് എന്നിവരാണ് മറ്റ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.
തുട്ടക്കം മുതല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയ റോമക്ക് പക്ഷേ നിര്‍ഭാഗ്യം വെല്ലുവിളിയായി. പലവട്ടം അവര്‍ ബാര്‍സ ഡിഫന്‍സ് ഭേദിച്ചെങ്കിലും ഒരു തവണ പോസ്റ്റില്‍ തട്ടി പന്ത് തെറിക്കുന്നതും കണ്ടു. മെസിയുടെ മിന്നലാട്ടങ്ങളില്‍ നിന്നും രക്ഷ തേടാന്‍ ശ്രമിക്കവെ ഡാനിയല്‍ ഡി റോസിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറിയപ്പോള്‍ നിര്‍ഭാഗ്യം എത്രമാത്രം ശക്തമായി തങ്ങളോടൊപ്പമുണ്ടെന്ന് റോമ മനസ്സിലാക്കി. സെല്‍ഫ് ഗോള്‍ രൂപത്തില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും സ്വന്തം വലയില്‍ കയറുന്നത് ഇറ്റലിക്കാര്‍ കണ്ടു. സാമുവല്‍ ഉമിതിയുടെ ഷോട്ട്് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ വഴിയെ നിന്ന റോമ ഡിഫന്‍ഡര്‍ കോസ്റ്റാസ് മനോലസിന്റെ ദേഹത്ത് തട്ടി വലയിലായി. രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ക്കീപ്പര്‍ അലിസണ്‍ സേവ് ചെയ്തപ്പോള്‍ പന്ത് ലഭിച്ചത് ജെറാര്‍ഡ് പിക്വേക്ക്. അദ്ദേഹത്തിന്റെ ലോംഗ് റേഞ്ചര്‍ വലയില്‍ കയറി. മൂന്ന് ഗോളിന് പിറകില്‍ നില്‍ക്കവെ ആശ്വാസവുമായി എഡിന്‍ സെക്കെയുടെ ഗോള്‍ ഇറ്റാലിയന്‍ ക്യാമ്പിന് വിദൂര പ്രതീക്ഷയാണ് സമ്മാനിച്ചത്. എവേ ഗോള്‍ എന്ന വലിയ സഹായമായി മാറുന്ന ഗോളിന് കളമൊരുക്കിയതാവട്ടെ ഇറ്റാലിയന്‍ ദേശീയ താരം പെറോട്ടിയും. എന്നാല്‍ ഇറ്റാലിയന്‍ ഡിഫന്‍സിന്റെ വീഴ്ച്ചയില്‍ മല്‍സരാവസാനത്തില്‍ സുവാരസ് ബാര്‍സയുടെ നാലാം ഗോളും നേടി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കശക്കി ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയമാഘോഷിച്ചു. സ്വന്തം മൈതാനത്ത് കളിയുടെ ആദ്യ 39 മിനുട്ടിനിടെയാണ് ചുവപ്പന്‍ സംഘത്തിന്റെ തട്ടുതകര്‍പ്പന്‍ പ്രകടനം കണ്ടത്. ലിവര്‍പൂളിന്റെ പുത്തന്‍ സൂപ്പര്‍ താരം മുഹമ്മദ് സാലേയുടെ വകയായിരുന്നു ആദ്യ ഗോള്‍. പന്ത്രണ്ടാം മിനുട്ടില്‍ സാലേ നിറയൊഴിച്ചപ്പോള്‍ എട്ട് മിനുട്ടിന് ശേഷം ആന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് ഒക്‌സ്‌ലാഡെ ചേബര്‍ലൈന്‍ രണ്ടാം ഗോള്‍ നേടി. സിറ്റിക്കാര്‍ സ്തംബ്ധരായി തുടരവെ മാനെയുടെ ബൂട്ടില്‍ നിന്ന് മൂന്നാം ഗോളുമെത്തിയതോടെ ലിവര്‍ ആരാധകരുടെ ആഘോഷം അതിര് കടന്നു. രണ്ടാം പകുതിയില്‍ സിറ്റിക്കാര്‍ തിരിച്ചടിക്ക് കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ ശക്തമായ ഒരു ഷോട്ട് പോലും പായിക്കാന്‍ അവര്‍ക്കായില്ല.