ലിസ്ബണ്‍: ഏതു ടീമിനും തോല്‍പ്പിക്കാവുന്ന ടീമായി ബാഴ്‌സ മാറിയെന്ന നായകന്‍ മെസ്സിയുടെ വാക്കുകള്‍ അച്ചട്ടായി. ഏതെങ്കിലും ടീമിനെതിരെയല്ല, ജര്‍മന്‍ ലീഗിലെ അതികായരായ ബയേണ്‍ മ്യൂണിക്കിനോടായിരുന്നു തോല്‍വി. തോല്‍വിയല്ല, വാങ്ങിയ ഗോളും കളിച്ച കളിയുമാണ് ബാഴ്‌സയുടെ നെഞ്ചു പിളര്‍ക്കുന്നത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബയേണിനെതിരെ ക്ലബ് ഏറ്റുവാങ്ങിയത്. അതും സാക്ഷാല്‍ ലയണല്‍ മെസ്സി നായകനായിരിക്കെ. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റ ഈ തോല്‍വി ക്ലബിനെ ഏറെക്കാലം വേട്ടയാടുമെന്ന് തീര്‍ച്ച.
സ്പാനിഷ് ലീഗില്‍ ഒസാസുനയ്‌ക്കെതിരെയുള്ള തോല്‍വിക്കു ശേഷമാണ് നന്നായി കളിക്കുന്ന ഏതു ടീമിനും തോല്‍പ്പിക്കാവുന്ന സംഘമായി ബാഴ്‌സ മാറിയെന്ന് നായകന്‍ പരിഭവപ്പെട്ടിരുന്നത്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്ന് കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ബയേണിനെതിരെയുള്ള മത്സരം. മെസ്സി, സുവാരസ്, ഗ്രീസ്മാന്‍, പിക്വെ…. സൂപ്പര്‍ താരങ്ങളില്‍ ആരും ചിത്രത്തിലില്ലാത്ത മത്സരം.
മറുനിരയില്‍ ലവന്‍ഡോസ്‌കി, തോമസ് മുള്ളര്‍, ഫിലിപ്പോ കുട്ടിനോ… എല്ലാവരും നിറഞ്ഞു കളിച്ചു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടു ഗോള്‍ നേടുന്ന ആദ്യ ടീമായി. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമായി ലവന്‍ഡോസ്‌കി മാറുകയും ചെയ്തു. ബാഴ്‌സയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ബയേണിലെത്തിയ താരമാണ് കുടിഞ്ഞോ. ബ്രസീല്‍ താരം നേടിയത് രണ്ട് ഗോളുകള്‍.
ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ നാലും എന്നതായിരുന്നു ബയേണിന്റെ കണക്ക്. തോമസ് മുള്ളറും കുടിഞ്ഞോയും രണ്ടു വീതം ഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ഗെ നാബ്രി, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലവന്‍ഡോസ്‌കി എന്നിവര്‍ ഓരോന്നു വീതവും. ബാഴ്‌സയ്ക്കായി ആശ്വാസ ഗോള്‍ നേടിയത് സുവാരസ്. ഒരു ഗോള്‍ ബയേണിന്റെ ദാനവും.
കോച്ച് ക്വിക്കെ
1946ലാണ് ബാഴ്‌സ ഇതിനു മുമ്പ് ഇത്രയും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. കോപ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യയ്ക്ക് എതിരെ ആയിരുന്നു ഏകപക്ഷീയമായ എട്ടു ഗോളുകളുടെ തോല്‍വി. മുക്കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ബാഴ്‌സ വീണ്ടും അത്തരമൊരു നാണക്കേടിലെത്തുന്നത്. കളിക്കു ശേഷം ജെറാദ് പിക്വെ കണ്ണീരോടെ പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ‘ഈ ക്ലബില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. മാനേജറെയോ ഏതെങ്കിലും കളിക്കാരനെയോ അല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആരെയും പേരെടുത്തു പറയുന്നില്ല. മാറ്റങ്ങള്‍ വേണം’
‘ഈ ക്ലബില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്. മാനേജറെയോ ഏതെങ്കിലും കളിക്കാരനെയോ അല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ആരെയും പേരെടുത്തു പറയുന്നില്ല. മാറ്റങ്ങള്‍ വേണം’
ജെറാദ് പിക്വെ
പുതിയ രക്തങ്ങളില്ലാതെ പുതിയ ബാഴ്‌സ കെട്ടിപ്പടുക്കുക സാദ്ധ്യമല്ല എന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍. ടീമിന്റെ നെടുന്തൂണുകളായ മെസ്സിക്കും പിക്വെയ്ക്കും സുവാരസിനും വിദാലിനും 33 വയസ്സായി. ബുസ്‌ക്വെറ്റ്‌സിന് 32ഉം. കോച്ച് ക്വിക്വെ സെതീനും പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ, മെസ്സി അടക്കമുള്ള താരങ്ങള്‍ കോച്ചിനെതിരെ രംഗത്തു വന്നിരുന്നു.