- പ്രീമിയര്‍ ലീഗ് കളിക്കാമെന്ന് കാറ്റലന്‍
- കായിക മന്ത്രി വന്‍കിട ടീമുകളുടെ ‘യൂറോ സൂപ്പര്‍ ലീഗി’നും സാധ്യത
ബാര്‍സലോണ: സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കാറ്റലോണിയയിലെ ഹിതപരിശോധന ഇന്ന് നടക്കാനിരിക്കെ ബാര്‍സലോണയടക്കമുള്ള പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഭാവി തുലാസിലാവുന്നു. സ്‌പെയിനിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നും സ്വതന്ത്ര പരമാധികാര രാഷ്ട്രം ആയി മാറുന്നതിനു വേണ്ടി നടത്തുന്ന ഹിതപരിശോധന കാറ്റലോണിയന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ബാര്‍സലോണ, ജിറോണ, എസ്പാന്യോള്‍ ക്ലബ്ബുകളെ കൂടി ബാധിക്കും. കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമായി മാറുകയാണെങ്കില്‍ ഈ ടീമുകള്‍ സ്പാനിഷ് ലീഗില്‍ (ലാലിഗ) നിന്ന് പുറത്താകും.
കാറ്റലോണിയക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ ഈ ക്ലബ്ബുകള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള മറ്റ് ലീഗുകളിലേക്ക് ചേക്കേറാമെന്ന് കാറ്റലന്‍ കായിക മന്ത്രി ജെറാര്‍ഡ് ഫിഗ്വെറാസ് പറഞ്ഞു. ‘ഒന്നുകില്‍ സ്പാനിഷ് ലീഗില്‍ തുടരാം. അയല്‍ രാജ്യങ്ങളായ ഇറ്റലിയിലെയും ഫ്രാന്‍സിലെയും ലീഗുകളിലോ ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗിലോ കളിക്കാമെന്ന സാധ്യതയും മുന്നിലുണ്ട്.’ അന്‍ഡോറയില്‍ നിന്നുള്ള ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടീമുകള്‍ സ്‌പെയിനില്‍ കളിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര രാജ്യമായ മൊണാക്കോയിലെ എ.എസ് മൊണാക്കോ ക്ലബ്ബ് ഫ്രഞ്ച് ലീഗിലും വെയില്‍സില്‍ നിന്നുള്ള ക്ലബ്ബുകള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കളിക്കുന്നുണ്ടെന്നും കാറ്റലോണിയയിലെ ക്ലബ്ബുകള്‍ മറ്റ് രാജ്യങ്ങളിലെ ലീഗുകളില്‍ കളിക്കുന്നതിന് യുവേഫക്ക് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കാറ്റലോണിയ സ്‌പെയിന്‍ വിട്ടുപോയാല്‍ ബാര്‍സയെയും മറ്റ് ക്ലബ്ബുകളെയും ലാലിഗയില്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍ പ്രൊഫണഷല്‍ ഫുട്‌ബോള്‍ ലീഗ് തലവന്‍ ഹവിയര്‍ തെബാസ് വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റലന്‍ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുകയും യുവേഫ അനുവദിക്കുകയും ചെയ്താല്‍ ബാര്‍സലോണയെ ഉള്‍ക്കൊള്ളാന്‍ ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ലീഗുകള്‍ തമ്മില്‍ ശക്തമായ മത്സരം നടന്നേക്കും. ലോകമെങ്ങും ആരാധകരുള്ള ബാര്‍സ എത്തുന്നത് അതത് ലീഗുകള്‍ക്ക് ഗുണം ചെയ്യും. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ മുഖ്യധാരയില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന ഫ്രഞ്ച് ലീഗ് ശക്തമായ ശ്രമം തന്നെ ഇതിനു വേണ്ടി നടത്തിയേക്കും.
അതേസമയം, രാജ്യബന്ധിതമല്ലാതെ യൂറോപ്പിലെ പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘യൂറോ സൂപ്പര്‍ ലീഗ്’ എന്ന ആശയത്തിന് കാറ്റലോണിയയിലെ ഹിതപരിശോധന ബലം പകരാനും ഇടയുണ്ട്. റയല്‍ മാഡ്രിഡ്, പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകള്‍ തുടങ്ങിയവ ചേര്‍ന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച എലൈറ്റ് ലീഗ് എന്ന ആശയത്തിനെതിരെ യുവേഫ രംഗത്തു വന്നിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ബാര്‍സലോണ, പ്രീമിയര്‍ ലീഗിലെ ആറ് ടീമുകള്‍, പി.എസ്.ജി, ബയേണ്‍ മ്യൂണിക്, എ.സി മിലാന്‍ തുടങ്ങിയ ക്ലബ്ബുകള്‍ അണിനിരക്കുന്ന ലീഗിന് ബാര്‍സ നേതൃത്വം നല്‍കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌പെയിനിനു വേണ്ടി കളിക്കുന്ന കാറ്റലോണിയ പ്രദേശത്തു നിന്നുള്ളവരെയും ജനവിധി ബാധിക്കും. ബാര്‍സ താരങ്ങളായ ജെറാഡ് പിക്വെ, ജോര്‍ഡി ആല്‍ബ, അലക്‌സ് വിദാല്‍, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജെറാഡ് ഡെലഫു, ജോര്‍ഡി മാസിപ്, സെര്‍ജി റോബര്‍ട്ടോ, ചെല്‍സിയുടെ സെസ്‌ക് ഫാബ്രിഗസ് തുടങ്ങിയവര്‍ ഫിഫ, യുവേഫ അംഗീകാരമില്ലാത്ത കാറ്റലോണിയ ദേശീയ ടീമില്‍ അംഗമാണ്. പുതിയ രാഷ്ട്രം നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് സ്‌പെയിന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യത നഷ്ടമാകും.