X

ബാര്‍സക്ക് തകര്‍പ്പന്‍ ജയം, റയലിന് തിരിച്ചടി

 

മാഡ്രിഡ് : സ്പാനിഷ് ലാലീഗില്‍ മുന്‍ചാമ്പ്യന്‍മാരായ ബാര്‍സിലോണ കിരീടത്തോട് അടുക്കുന്നു. ലെവന്റയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലീഗില്‍ 15-ാം ജയവും സ്വന്തമാക്കി അപരാജിത കുതിപ്പ് തുടരുകയാണ് കറ്റാലന്‍സ്. അതേസമയം നിലവിലെ ചാമ്പ്യമാരായ റയല്‍മാഡ്രിഡിന് വീണ്ടും സമനില വഴങ്ങേണ്ടി വന്നു. സെല്‍റ്റാ ഡി വിഗോയാണ് റയലിനെ (2-2) സമനിലയില്‍ തളച്ചത്.

ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടിഞ്ഞോയെ ലിവര്‍പൂളില്‍ നിന്നും റാഞ്ചിയ സന്തോഷം അടങ്ങും മുമ്പെയാണ് ആരാധകര്‍ക്ക് ഗംഭീര വിജയം ബാര്‍സ സമ്മാനിച്ചത്. 12-ാം മിനുട്ടില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ബാര്‍സയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 38-ാം മിനുട്ടില്‍ ലൂയിസ് സുവാരസ് ലീഡ് രണ്ടാക്കി. കളിയുടെ അവസാന മിനുട്ടില്‍ ബ്രസീലിയന്‍ താരം പൗളീഞ്ഞോ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

 

കഴിഞ്ഞ കോപ ഡെല്‍ റേ മത്സരത്തില്‍ ബാര്‍സയെ സമനിലയില്‍ തളച്ച സെല്‍റ്റാ വിഗോ വീണ്ടും അതെ പോരാട്ടവീര്യം പുറത്തെടുത്തതോടെ റയലിനും സമനിലകൊണ്ട് തൃപ്തിപ്പെട്ടേണ്ടി വന്നു. ഡാനിയല്‍ വാസിലൂടെ (33-ാം മിനുട്ട്) സെല്‍റ്റയായിരുന്നു ആദ്യം ലീഡു നേടിയത്. എന്നാല്‍ അഞ്ചു മിനുട്ടിനകം ഗാരെത് ബെയ്ല്‍ ഇരട്ട ഗോള്‍ നേടി റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാന മിനുട്ടുകളില്‍ ഗോമസ് റയല്‍ വലകുലുക്കി സെല്‍റ്റക്ക് വിലപ്പെട്ട ഒരു പോയന്റ് നേടികൊടുത്തു.

ഇതോടെ കിരീടം നിലനിര്‍ത്താമെന്ന റയലിന്റെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായി. മത്സരത്തില്‍ മുഴുവന്‍ സമയവും കളിച്ചെങ്കിലം നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോക്ക് ഗോള്‍ നേടാനായില്ല.

18 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ 48 പോയന്റുമായി ബാര്‍സയാണ് മുന്നില്‍. 39 പോയന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാമത്. മുന്നാം സ്ഥാനത്തുള്ള വലന്‍സിയക്ക് 37 പോയന്റുണ്ട്. ഒരു മത്സരം കുറവു കളിച്ച റയല്‍ 32 പോയന്റുമായി നാലാം സ്ഥാനത്താണ്.

 

chandrika: