X

നിക്കോ വില്യംസിനെ തട്ടകത്തിലെത്തിക്കാന്‍ ബാഴ്സ; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്

സ്‌പെയിനായി യൂറോ കപ്പില്‍ സ്റ്റാര്‍ ആയ നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്‌സലോണ ചര്‍ച്ചകള്‍ ആരംഭിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകപങ്കുവഹിച്ച താരങ്ങളിലൊരാളാണ് 22കാരനായ നിക്കോ. ഇതിനുപിന്നാലെയാണ് താരത്തെ തട്ടകത്തിലെത്തിക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. സ്‌പെയിനിനൊപ്പം യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മികച്ച കാമ്പെയ്‌നിന് ശേഷം അത്‌ലറ്റിക് ക്ലബില്‍ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാന്‍ 22- കാരന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്സലോണയുടെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോയും നിക്കോയുടെ ഏജന്റ് ഫെലിക്സ് ടെന്റയും ചര്‍ച്ചകള്‍ നടത്തിവരുന്നെന്ന് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.യൂറോ കപ്പിലെ വിജയത്തിന് ശേഷം അത്ലറ്റിക് ബില്‍ബാവോയുടെ താരമായ വില്യംസിനെ ലക്ഷ്യമിട്ട് നിരവധി ഇംഗ്ലീഷ് ക്ലബ്ബുകള്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ക്യാംപ്നൗവിലേക്ക് മാറാന്‍ തന്നെയാണ് നിക്കോയും താല്‍പ്പര്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിക്കോയുടെ റിലീസ് ക്ലോസായി 58 മില്ല്യണ്‍ യൂറോയാണ് അത്ലറ്റിക് ക്ലബ്ബ് മുന്നോട്ടുവെക്കുന്നത്. ഇതുമാത്രമാണ് ബാഴ്സയ്ക്ക് മുന്നിലുള്ള പ്രധാന കടമ്പ. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കും താരത്തെ ടീമിലെത്തിക്കാനായുള്ള പരിശ്രമത്തിലാണ്. നിക്കോയുടെ സുഹൃത്തും സ്പാനിഷ് ടീമിലെ സഹതാരവുമായ ലാമിന്‍ യമാലും ബാഴ്‌സയിലാണുള്ളത്. നിക്കോയും ക്യാംപ്നൗവിലെത്തിയാല്‍ യൂറോ കപ്പില്‍ സ്‌പെയിനിന്റെ മുന്നേറ്റനിരയിലെ കിടിലന്‍ കോമ്പോ ബാഴ്‌സയിലും കാണാനാവും.

webdesk13: