X
    Categories: Culture

ഗ്രീസില്‍ ബാര്‍സക്ക് കടിഞ്ഞാണ്‍, ചെല്‍സി തോറ്റു; പി.എസ്.ജി താരം കുര്‍സോവക്ക് റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമ തുരത്തി. മുന്‍ ചാമ്പ്യരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് പവര്‍ ഹൗസായ പി.എസ്.ജിയും ജയിച്ചു കയറി.

ഗ്രൂപ്പ് എ
ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുണെറ്റഡ് പരാജയപ്പെടുത്തിയത്. 45-ാം മിനുട്ടില്‍ ബെന്‍ഫിക്കന്‍ താരം മിലേ സ്‌വിലറിന്റെ ഓണ്‍ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 78-ാം മിനുട്ടില്‍ ഡാലി ബ്ലിന്റ് രണ്ടാം ഗോള്‍ നേടി. കളിയുടെ പതിനഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി യുനൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് ഗോളാക്കാനായില്ല. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്.സി ബാസലിനെ സി.എസ്.കെ.എ മോസ്‌കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച നാലുകളികളും ജയിച്ച യുണൈറ്റഡ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം മതി മുന്‍ ചാമ്പ്യന്മാര്‍ക്ക് അവസാന പതിനാറില്‍ ഇടമുറപ്പിക്കാന്‍.

ഗ്രൂപ്പ് ബി
ഡിഫന്റര്‍ ലെയ്‌വിന്‍ കുര്‍സോവയുടെ ഹാട്രിക് മികവില്‍ പി.എസ്.ജി ആന്ദര്‍ലെഷ്തിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് മോഡേണ്‍ യുഗത്തില്‍ ഒരു പ്രതിരോധ താരം ഹാട്രിക് നേടുന്നത്. 52, 72, 78 മിനുട്ടുകളിലായിരുന്നു ഫ്രഞ്ച് താരം ഗോള്‍ നേടിയത്. ബ്രസീലിയന്‍ താരം നെയ്മര്‍ ഒരു ഗോള്‍ നേടുകയും (45 മിനുട്ട്) ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മാര്‍കോ വെരാട്ടി(30 മിനുട്ട്)യാണ് മറ്റൊരു സ്‌കോറര്‍. ഒരു ഗോള്‍ നേടിയാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം പങ്കിടാമെന്നിരിക്കെ മുഴുവന്‍ സമയവും കളിച്ച ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് സെല്‍റ്റികിനെ പരാജയപ്പെടുത്തി. 12 പോയിന്റുമായി പി.എസ്.ജി ഒന്നാമതും ഒന്‍പതു പോയിന്റുമായി ബയേണ്‍ ഗ്രൂപ്പില്‍ രണ്ടാമതുമാണ . സെല്‍റ്റികിന് മൂന്ന് പോയിന്റാണുള്ളത്. കളിച്ച എല്ലാ കളികളും തോറ്റ ആന്ദര്‍ലെഷ്തിന് ഇതുവരെ ഒരു പോയിന്റ് പോലും നേടാനായില്ല.

ഗ്രൂപ്പ് സി
എ.എസ് റോമയുടെ തട്ടകത്തില്‍ കളിക്കാനിങ്ങിയ ചെല്‍സി വന്‍തോല്‍വിയാണ് നേരിട്ടത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ ഇറ്റാലിയന്‍ താരം സ്റ്റീഫന്‍ എല്‍ ഷാറവി റോമയെ മുന്നിലെത്തിച്ചു. 36-ാം മിനുട്ടില്‍ ഷാറവി ഗോള്‍ നേട്ടം രണ്ടാക്കി. 63-ാം മിനുട്ടില്‍ ഡിഗോ പെറോട്ടി റോമയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാന്‍ ക്ലബ്ബ് ക്വാറബാഗിനെതിരെ സമനില നേരിട്ടതോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. നടപ്പു സീസണില്‍ മൂന്നു സമനിലയും ഒരു പരാജയവും നേരിട്ട അത്‌ലറ്റിക്കോ മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. എ.എസ് റോമ (ഒന്‍പത് പോയന്റ് ), ചെല്‍സി (എട്ട് പോയന്റ് ) എന്നിവരാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ഡി
ബാര്‍സയുടെ വിജയകുതിപ്പിന് ഒളിംപിയാക്കോസിന്റെ കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസ് സ്വന്തം ഗ്രൗണ്ടില്‍ ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളക്കുകയായിരുന്നു. ബാര്‍സക്കായി ലയണല്‍ മെസ്സിയും സുവാരസുമുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണി നിരന്നെങ്കിലും ഒളിംപിയാക്കോസിന്റെ പ്രതിരോധം തകര്‍ക്കാന്‍ ഇവര്‍ക്കായില്ല.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസും സ്‌പോര്‍ടിങ് ലിസ്ബണും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ (1-1) അവസാനിച്ചു. 20-ാം മിനുട്ടില്‍ ബ്രൂണോ സീസറിലൂടെ സ്‌പോര്‍ടിങ് ലിസ്ബണാണ് മുന്നിലെത്തിയത്. എന്നാല്‍ 79-ാം മിനുട്ടില്‍ വലകുലുക്കി ഗോണ്‍സാലോ ഹിഗ്വെയ്ന്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. 10 പോയന്റുമായി ബാര്‍സ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. യുവന്റസ് (ഏഴ്), സ്‌പോര്‍ടിങ് ലിസ്ബണ്‍ (4), ഒളിംപിയാക്കോസ് (ഒന്ന്) പോയന്റുകളാണുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: