മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ബാര്‍സലോണ ചാമ്പ്യന്മാരായത്. 34-ാം റൗണ്ടില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി ഹാട്രിക്കുമായി കളംനിറഞ്ഞപ്പോള്‍ 4-2 നായിരുന്നു ഏണസ്‌റ്റോ വല്‍വെര്‍ദെയുടെ സംഘത്തിന്റെ ജയം.
2018-19 സീസണിലെ ബാര്‍സലോണയുടെ രണ്ടാം മേജര്‍ കിരീടമാണിത്. നേരത്തെ കിങ്‌സ് കപ്പ് നേടിയ സംഘം കോപ ദെ കാറ്റലൂണിയയും സ്വന്തമാക്കിയിരുന്നു.
ബാഴ്‌സയുടെ കിരീട നേട്ടത്തിന്റെ പ്രത്യേകതകള്‍
25– ബാര്‍സലോണ തങ്ങളുടെ 25-ാം ലാലിഗ കിരീടമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 33 കിരീടങ്ങളുള്ള റയല്‍ മാഡ്രിഡ് മാത്രമാണ് ഇനി കാറ്റലന്‍ സംഘത്തിന്റെ മുന്നിലുള്ളത്.
7 – കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ബാര്‍സയുടെ ഏഴാമത്തെ കിരീടമാണിത്. ചിരവൈരികളായ റയല്‍ മാഡ്രിഡിന് ഈ കാലഘട്ടത്തില്‍ രണ്ട് ലാലിഗയേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. അത്‌ലറ്റികോ മാഡ്രിഡിനാണ് മറ്റൊന്ന്.
34 – സീസണില്‍ തുടര്‍ച്ചയായി 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബാര്‍സ കിരീടം ചൂടിയത്. 1979-80 സീസണില്‍ റയല്‍ സോഷ്യദാദ് സൃഷ്ടിച്ച 32 തോല്‍വിയില്ലാ മത്സരങ്ങളുടെ റെക്കോര്‍ഡാണ് ബാര്‍സ പഴങ്കഥയാക്കിയത്. ഇനിയുള്ള മത്സരങ്ങളിലും തോല്‍ക്കാതിരുന്നാല്‍, ഒരു തോല്‍വി പോലും വഴങ്ങാതെ ചാമ്പ്യന്മാരാകുന്ന മൂന്നാമത്തെ ടീമാവും ബാര്‍സ. 1932-ല്‍ അവസാനമായി റയല്‍ മാഡ്രിഡാണ് ഈ നേട്ടം സ്വന്തമാക്കിയത്.
41 – കഴിഞ്ഞ സീസണ്‍ മുതല്‍ 41 തുടര്‍ച്ചയായ ലാലിഗ മത്സരങ്ങളില്‍ ബാര്‍സലോണ തോല്‍വിയറിഞ്ഞിട്ടില്ല. ഇത്രയധികം മത്സരങ്ങള്‍ തോല്‍ക്കാതെ കളിക്കുന്ന ആദ്യ ടീം കൂടിയായി ബാര്‍സ.
മെസ്സി – കിരീടമുറപ്പിച്ചപ്പോള്‍ 32 ഗോളുമായി ലയണല്‍ മെസ്സിയാണ് ബാര്‍സലോണയുടെ ടോപ് സ്‌കോറര്‍. 23 ഗോളോടെ ലൂയിസ് സുവാരസ് ആണ് രണ്ടാം സ്ഥാനത്ത്. ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ക്ക് അവസരം നല്‍കിയതും മെസ്സി തന്നെ – 12 തവണ. ഏഴ് സീസണുകളില്‍ മുപ്പതിലധികം ഗോള്‍ നേടുന്ന ആദ്യ ലാലിഗ താരമായി മെസ്സി മാറി.