മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാര്‍സലോണക്ക് സീസണിലെ പത്താം ജയം. കരുത്തരായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് ബാര്‍സ അപരാജിത കുതിപ്പ് തുടര്‍ന്നത്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം കണ്ട പാക്കോ അല്‍കാസറിന്റെ ഇരട്ട ഗോളുകളാണ് നൗകാംപില്‍ ആതിഥേയര്‍ക്ക് കരുത്തായത്. ലീഗാനിസിനെതിരായ മൂന്നു ഗോള്‍ ജയത്തോടെ വലന്‍സിയ രണ്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ്, ഡിപോര്‍ട്ടിവോ അലാവസ് ടീമുകളും ജയം കണ്ടു.
സീസണിലെ ആദ്യ മത്സരത്തിനു ശേഷം ആദ്യ ഇലവനില്‍ ഇടം നേടിയിട്ടില്ലാത്ത പാക്കോ അല്‍കാസര്‍ 23-ാം മിനുട്ടിലാണ് ബാര്‍സയെ മുന്നിലെത്തിച്ചത്. 59-ാം മിനുട്ടില്‍ എവര്‍ ബനേഗയുടെ കോര്‍ണര്‍ കിക്കില്‍ ഹെഡ്ഡറുതിര്‍ത്ത് ഗ്വിഡോ പിസാറോ സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 65-ാം മിനുട്ടില്‍ റാകിറ്റിച്ചിന്റെ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് അല്‍കാസര്‍ ബാര്‍സക്ക് ജയവും വിലപ്പെട്ട മൂന്നു പോയിന്റും നല്‍കി.
സീസണില്‍ ഇതുവരെ തോറ്റിട്ടില്ലാത്ത മറ്റൊരു ടീമായ വലന്‍സിയ ഡാനി പരേഹോ, റോഡ്രിഗോ മൊറേനോ, സാന്റി മിന്യ എന്നിവരുടെ ഗോളിലാണ് ലീഗാനിസിനെ വീഴ്ത്തിയത്. സമനിലയില്‍ അവസാനിച്ചുവെന്ന് കരുതിയ മത്സരത്തില്‍ തോമസ് പാര്‍ട്ടിയുടെ ഗോളിലാണ് അത്‌ലറ്റികോ മാഡ്രിഡ്, ഡിപോര്‍ട്ടിവോയെ വീഴ്ത്തിയത്. എസ്പാന്യോളിനെതിരെ ഒന്നാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ സാന്റോസ് നേടിയ ഗോളിലായിരുന്നു അലാവസിന്റെ ജയം.
11 മത്സരങ്ങളില്‍ 31 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബാര്‍സക്കുള്ളത്. 27 പോയിന്റോടെ വലന്‍സിയയും അത്‌ലറ്റികോ മാഡ്രിഡ് (23) മൂന്നാമതുമാണ്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് 20 പോയിന്റോടെ നാലാം സ്ഥാനത്താണ്.