പാരിസ്: വന്‍തുക വാരിയെറിഞ്ഞ് സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന് (പി.എസ്.ജി) ബാര്‍സലോണയോടുള്ള ‘കലി’ അടങ്ങുന്നില്ല. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബാര്‍സലോണ ലക്ഷ്യമിട്ട ഷോണ്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി. ബാര്‍സലോണയെ നിരാശപ്പെടുത്തുന്നതിനു വേണ്ടിയാണ് സെറിക്കു വേണ്ടിയുള്ള പി.എസ്.ജിയുടെ നീക്കമെന്ന് താരത്തിന്റെ ഏജന്റ് ഫ്രാങ്ക്‌ലിന്‍ മാല പറയുന്നു. വ്യവസ്ഥകളില്‍ തീരുമാനമാകാതിരുന്നതോടെ സെറിയെ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ബാര്‍സലോണ പിന്മാറി.
മിഡ്ഫീല്‍ഡറായ സെറിയുടെ 40 ദശലക്ഷം യൂറോ മൂല്യമുള്ള ട്രാന്‍സ്ഫറിന് ഫ്രഞ്ച് ക്ലബ്ബ് നീസും ബാര്‍സലോണയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ട്രാന്‍സ്ഫര്‍ കാലാവധി ദിവസങ്ങള്‍ മാത്രം ശേഷിക്കെ 26-കാരനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്ന് ബാര്‍സ നാടകീയമായി പിന്മാറി. സെറി ബാര്‍സയിലെത്താതിരിക്കാന്‍ പി.എസ്.ജി മനഃപൂര്‍വം രംഗത്തിറങ്ങിയതാണ് ഇതിനു കാരണമെന്ന് ഫ്രാങ്ക്‌ലിന്‍ മാല പറയുന്നു.
‘ബാര്‍സലോണയും നീസും തമ്മിലുള്ള ചര്‍ച്ചകള്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ച ബാര്‍സ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തുകയും സാങ്കേതിക കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി രംഗത്തെത്തിയ പി.എസ്.ജി, സെറിക്കു വേണ്ടി നീസിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്’ – മാല പറയുന്നു. ബാര്‍സ വാഗ്ദാനം ചെയ്തതിനേക്കാള്‍ ഇരട്ടിയോളമാണ് പി.എസ്.ജിയുടെ ഓഫര്‍ എന്നാണ് സൂചന.
പി.എസ്.ജിയുടെ മിഡ്ഫീല്‍ഡര്‍ മാര്‍കോ വെരാറ്റിക്കു വേണ്ടി ബാര്‍സ ശ്രമം തുടങ്ങിയതു മുതലാണ് ഇരു ക്ലബ്ബുകളും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്. വെരാറ്റിയെ വില്‍ക്കില്ലെന്ന് പി.എസ്.ജി വ്യക്തമാക്കിയതോടെ നെയ്മറിന്റെ കാര്യത്തില്‍ ബാര്‍സയും കടുംപിടുത്തം പിടിച്ചു. സ്വാഭാവിക ്ട്രാന്‍സ്ഫറിനു പകരം, ഏപക്ഷീയമായി ക്ലബ്ബ് വിടുന്നതിനുള്ള വ്യവസ്ഥ പ്രകാരമുള്ള വന്‍തുക കൂടി ഈടാക്കിയാണ് ബാര്‍സ നെയ്മറിനെ വിട്ടുനില്‍കിയത്. ഇതേത്തുടര്‍ന്ന് 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുക പി.എസ്.ജി മുടക്കേണ്ടി വന്നു. സ്പാനിഷ് സൂപ്പര്‍ കോപ്പയില്‍ ബാര്‍സ റയല്‍ മാഡ്രിഡിനോട് തോറ്റപ്പോള്‍ ചിരിച്ചുനില്‍ക്കുന്ന നെയ്മറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പി.എസ്.ജി പ്രകോപനം സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് സെറിയുടെ ഇടപാടിലും പി.എസ്.ജി കളിച്ചത്.