ബാഴ്‌സലോണ ഏണസ്റ്റോ വെല്‍വര്‍ദയെ പരിശീലന സ്ഥാനത്തു നിന്നു പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സീസണില്‍ ടീം മോശം ഫോം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കുന്നത്. ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍റേയും കൈവിട്ട ബാഴ്‌സലോണക്ക് ഈ സീസണില്‍ ലാലിഗ കിരീടം മാത്രമാണ് നേടാനായത്.
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂളിനോട് എതിരില്ലാത്ത മൂന്നു ഗോളിനു മുന്നിട്ട ശേഷം രണ്ടാം പാദത്തില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതാണ് കോച്ചിന്റെ നിലനില്‍പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. അതിന്റെ ക്ഷീണം മറക്കുന്നതിനു മുന്നെ തന്നെ കോപ്പ ഡെല്‍റേയില്‍ വലന്‍സിയയോട് ഫൈനലില്‍ പരാജയപ്പെടാനും ബാഴ്‌സക്ക് വിധിയുണ്ടായി. ഇതോടെ കോച്ചിന്റെ കസേരക്ക് ഇളക്കം തട്ടിയിരിക്കുകയാണ്. ബെല്‍ജിയത്തെ ലോകകപ്പില്‍ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനെസ് പുതിയ കോച്ചായേക്കുമെന്നാണ് സൂചന.