ലണ്ടന്‍: ലിവര്‍പൂള്‍ തുടര്‍ച്ചയായി നിരസിച്ചിട്ടും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയ്ക്കു വേണ്ടിയുള്ള ശ്രമം ബാര്‍സലോണ തുടരുന്നു. 138 ദശലക്ഷം പൗണ്ട് (1130 കോടി രൂപ) എന്ന വന്‍ ഓഫറാണ് കുട്ടിന്യോക്കു വേണ്ടി ബാര്‍സ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. നെയ്മറിനു വേണ്ടി പി.എസ്.ജി മുടക്കിയത് ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു കളിക്കാരന് വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണിത്. ഇത് അവസാനത്തെ വാഗ്ദാനമാണെന്നും ഇനിയൊരു ഓഫര്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും ബാര്‍സ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബാര്‍സയുടെ പുതിയ ഓഫറും ലിവര്‍പൂള്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് തള്ളി. ലിവര്‍പൂളില്‍ കാര്യങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും കുട്ടിന്യോ ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍, ബാര്‍സലോണയിലേക്ക് കൂടുമാറാന്‍ കുട്ടിന്യോ മാനസികമായി തയാറെടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബാര്‍സയുടെ വാഗ്ദാനം യുര്‍ഗന്‍ ക്ലോപ്പും ക്ലബ്ബിന്റെ ഉടമസ്ഥരായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പും കൈകാര്യം ചെയ്ത രീതിയില്‍ താരം അതൃപ്തനാണെന്നും ബാര്‍സയിലേക്കു പോകാന്‍ താരം ഒരുങ്ങിയതായും യാഹൂ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ബാര്‍സയിലേക്കുള്ള കൂടുമാറ്റം നടന്നില്ലെങ്കില്‍ തന്റെ അതൃപ്തി സോഷ്യല്‍ മീഡിയയിലൂടെയോ മാധ്യമങ്ങളിലൂടെയോ വ്യക്തമാക്കാന്‍ താരം ഒരുങ്ങുന്നതായും സൂചനയുണ്ട്.