X
    Categories: indiaNews

താഴ്ന്ന ജാതിക്കാരുടെ മുടിവെട്ടിയ ബാര്‍ബര്‍ക്ക് അമ്പതിനായിരം രൂപ പിഴയും സാമൂഹിക ബഹിഷ്‌കരണവും

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ താഴ്ന്ന ജാതിക്കാരുടെ മുടിവെട്ടിയ ബാര്‍ബര്‍ക്കെതിരെ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ സാമൂഹിക ബഹിഷ്‌ക്കരണത്തിനു ആഹ്വാനം ചെയ്തതായി ആരോപണം. മൈസൂരുവിലെ നഞ്ചന്‍ഗുഡ് താലൂക്കിലെ ഹല്ലെരെ ഗ്രമത്തിലെ മല്ലികാര്‍ജുന്‍ ഷെട്ടിയെന്ന ബാര്‍ബറാണ് ആരോപണവുമായി രംഗത്ത് വന്നത്. താഴ്ന്ന ജാതിക്കാരുടെ മുടിവെട്ടിയതിനു അമ്പതിനായിരം രൂപ മല്ലികാര്‍ജുന്‍ ഷെട്ടിയുടെ കടയില്‍ നിന്നും ഉയര്‍ന്ന ജാതിക്കാര്‍ പിഴ ഈടാക്കിയതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാദേവ് നായക് എന്നയാളും അദ്ദേഹത്തിന്റെ സഹായികളും എന്റെ സലൂണില്‍ വന്ന് താഴ്ന്ന ജാതിക്കാരുടെ മുടിമുറിക്കരുതെന്ന് ആവശ്യപ്പെട്ടു. ഞാന്‍ അതിനെ എതിര്‍ത്തപ്പോള്‍ അവരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കണമെന്ന് പറഞ്ഞു . ഒരു ഷേവിന് 200 രൂപയും തലമുടിവെട്ടുന്നതിനു 300 രൂപയും വാങ്ങണമെന്നാണ് അവര്‍ എന്നെ നിര്‍ബന്ധിച്ചത്. ഹെയര്‍ കട്ടിനു 80നു മുകളിലും ഷേവിനു 60 നു മുകളിലും വാങ്ങില്ലെന്ന് ഞാന്‍ മറുപടി നല്‍കി. ഇതാവും പ്രതികാര നടപടികളിലേക്ക് അവരെ കൊണ്ടെത്തിച്ചത് എന്ന് മല്ലികാര്‍ജുന്‍ ഷെട്ടി പറഞ്ഞു .

സാമൂഹിക ബഹിഷ്‌ക്കരണത്തെ തുടര്‍ന്ന് ഷെട്ടി പൊലീസിനെ സമീപിച്ചുവെങ്കിലും അത് വിഷയത്തെ കൂടുതല്‍ രൂക്ഷമാക്കി. പൊലീസിനെ സമീപിച്ചതിനു പ്രതികാരമായി ഷെട്ടിയുടെ 21 വയസ്സുള്ള മകനെ ഉയര്‍ന്ന ജാതിക്കാര്‍ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടു പോയി.അവര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും നഗ്‌ന വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. ഷെട്ടി വീണ്ടും പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചപ്പോള്‍ നായ്ക്കും കൂട്ടരും മകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും ഷെട്ടി വിട്ടു നില്‍ക്കുകയായിരുന്നു.

നഞ്ചന്‍ഗുഡ് റൂറല്‍ പൊലീസില്‍ ഷെട്ടി സഹായം തേടിയെങ്കിലും കേസ് ഫയല്‍ ചെയ്യാന്‍ അവര്‍ തയ്യാറായില്ല.രേഖാ മൂലം പരാതി നല്‍കിയില്ല എന്ന വിശദീകരണമാണ് പൊലീസ് നല്‍കിയത്. സഹായത്തിനായി നഞ്ചന്‍ഗുഡ് തഹസില്‍ദാരെ സമീപിച്ചിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് ഷെട്ടി പറയുന്നു.

Test User: