ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. ഭാരത് ബന്ദിനോടനുബന്ധിച്ചു രാജ്ഘട്ടില്‍ യോഗത്തെ അഭിസംബോധന സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്ധന വില വര്‍ദ്ധനയിലോ കര്‍ഷകരുടെ ദുരിതത്തിലോ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലോ മോദി ഒരു വാക്കുപോലും പറയുന്നില്ല.വിലക്കയറ്റമാണ് നാലു വര്‍ഷത്തിനിടെ മോദിയുടെ വികസനം. രാജ്യത്തെ ജനങ്ങളെ മോദി തമ്മിലടിപ്പിക്കുകയാണ്. 70 വര്‍ഷത്തിനിടെ രൂപയുടെ മൂല്യം ഇത്രയധികം ഇടിയുന്നത് ആദ്യമാണ്.
റഫാല്‍ ഇടപാടിനെക്കുറിച്ചും മോദി മിണ്ടുന്നില്ല. ജനങ്ങളുടെ നാല്‍പത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. മാധ്യമങ്ങള്‍ ഭയപ്പെടാതെ വസ്തുതകള്‍ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു.
നോട്ടുനിരോധനം എന്തിനുവേണ്ടിയാണു നടപ്പാക്കിയതെന്ന് ആര്‍ക്കുമറിയില്ല. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടിയല്ല, തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ധനികര്‍ക്കു മാത്രമായാണു പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില വര്‍ധനയുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നടപടികക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നഭാരത് ബന്ദിന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്.
ബന്ദിന്റെ ഭാഗമായി ഡല്‍ഹിയിലെ രാംലീല മൊതാനിയില്‍ നടക്കുന്ന പ്രതിഷേധപ്രകടനത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയിയുടെ സ്മൃതിമന്ദിരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ഗാന്ധി പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും ഉള്‍പ്പെടെ സമരവേദിയിലെത്തി. സഹകരിക്കാനില്ലെന്ന് പറഞ്ഞ ആം ആത്മി പാര്‍ട്ടി സഞ്ജയ് സിംഗിനെ പാര്‍ട്ടി പ്രതിനിധിയായി അയച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, അഹമദ് പട്ടേല്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, കേരളത്തില്‍ നിന്നും എം.പി എം.കെ പ്രേമ ചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ സമരത്തിന് പിന്തുണയുമായി ഇരുപതിലേറെ എന്‍.ഡി.എ ഇതരകക്ഷികളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷവും എന്‍.ഡി.എ ഇതര കക്ഷികളും അണിനിരന്നതോടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.