ലിമ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടാല്‍ ഭരണ പാരമ്പര്യത്തിന് വിരുദ്ധമായി ശബ്ദിക്കുമെന്ന് ബറക് ഒബാമ വ്യക്തമാക്കി. ട്രംപിന് തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കും. തൃപ്തികരമല്ലെന്ന് തോന്നിയാല്‍ ഒരു പൗരനെന്ന നിലയില്‍ ചില വിഷയങ്ങളില്‍ എതിര്‍ത്ത് സംസാരിക്കാന്‍ മടിക്കില്ല -പെറുവിലെ ലിമയില്‍ അപെക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. യു.എസ് പാരമ്പര്യപ്രകാരം മുന്‍ പ്രസിഡന്റുമാര്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും പിന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കുകയും വേണം.
രാജ്യത്തിന്റെ കാര്യത്തില്‍ ഏറെ കരുതലുള്ള ഒരു യു.എസ് പൗരനാണ് താനെന്ന് ഒബാമ പറഞ്ഞു. യു.എസ് പ്രസിഡന്റ് പദവിയെ താന്‍ ഏറെ ബഹുമാനിക്കുന്നു. പുതിയ പ്രസിഡന്റിന് ഭരണവുമായി മുന്നോട്ടുപോകാനും മറ്റുള്ളവര്‍ക്ക് മുറിവേല്‍പ്പിക്കാതെ വാദഗതികള്‍ മുന്നോട്ടുപോകാനും അവസരമുണ്ടാകും. എന്നാല്‍ ഏതെങ്കിലുമൊരു വിഷയം അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരാവുകയും അവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യമാവുകയും ചെയ്താല്‍ തുടര്‍ നടപടിയെക്കുറിച്ച് ആലോചിക്കും.
മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ ടീമിനോട് കാണിച്ച പ്രൊഫഷണല്‍ മര്യാദ ട്രംപിന്റെ ഭരണകൂടത്തോടും ഉണ്ടാകുമെന്ന് ഒബാമ വ്യക്തമാക്കി. ജോര്‍ജ് ബുഷ് ഒരിക്കല്‍പോലും ഒബാമയെ വിമര്‍ശിച്ചിരുന്നില്ല. നിലവിലുള്ള പ്രസിഡന്റിനെ വിമര്‍ശിക്കുന്നതില്‍ പ്രത്യേക ഗുണമില്ലെന്നാണ് ഒബാമ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ശേഷം 2013ല്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബുഷ് പറഞ്ഞത്. യു.എസ് പ്രസിഡന്റിന്റെ ജോലി ഏറെ കഠിനമാണെന്നും മുന്‍ പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രയാസത്തെ വര്‍ധിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിനുമുമ്പ് ട്രംപ് ഔദ്യോഗിക പദവികളിലേക്ക് നാമനിര്‍ദേശം ചെയ്ത പലരും അപകടകാരികളാണ്. പുതിയ പ്രസിഡന്റിന്റെ മുഖ്യ നയതന്ത്ര ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ വംശീയതയും സെമിറ്റി വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റിന്റെ മുന്‍ മേധാവിയായിരുന്നു. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മിഷേല്‍ ഫ്‌ളിന്‍ കടുത്ത ഇസ്്‌ലാം വിമര്‍ശകനാണ്. അമേരിക്കയില്‍ പടര്‍ന്നുപിടിക്കുന്ന അര്‍ബുദമാണ് ഇസ്്‌ലാമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ നോമിനി ജെഫ് സെഷന്‍സും വംശീയ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ചിട്ടുണ്ട്.