X

ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം ഒബാമ നിഷേധിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വന്‍ വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്‍ അതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെന്‍ സാസെ, ട്രംപിനോട് ആവശ്യപ്പെട്ടു. ഒബാമക്കെതിരായ ആരോപണത്തിന് ബലം നല്‍കുന്ന തെളിവുകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ല. 1972ല്‍ അന്നത്തെ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ രാജിയിലേക്ക് നയിച്ച വാട്ടര്‍ഗേറ്റ് വിവാദത്തോടാണ് അദ്ദേഹം ഫോണ്‍ ചോര്‍ത്തലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ട്രംപിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്ന് ഒബാമയുടെ വക്താവ് കെവിന്‍ ലെവിസ് വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയിരുന്ന സ്വതന്ത്രാന്വേഷണത്തില്‍ ഒബാമ മാത്രമല്ല, വൈറ്റ് ഹൗസിലെ ആരും ഇടപെട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അക്കാലത്ത് ജുഡീഷ്യല്‍ അന്വേഷണം നടന്നിരുന്നുവെന്നാണ് ലെവിസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഒബാമയുടെ വിദശകാര്യ ഉപദേഷ്ടാവും പ്രസംഗം എഴുത്തുകാരനുമായിരുന്ന ബെന്‍ റോഡ്‌സും ട്രംപിന്റെ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തുന്നതിന് ഉത്തരവിടാന്‍ പ്രസിഡന്റിന് സാധിക്കില്ല. താങ്കളെപ്പോലുള്ളവരില്‍നിന്ന് പൗരന്മാരെ രക്ഷിക്കാനാണ് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സജീവമായി അന്വേഷിച്ചിരുന്നു. ട്രംപിനും ടീമിനും റഷ്യയുമായുള്ള ബന്ധത്തെക്കുറുച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം ഒബാമക്കെതിരെ പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് റഷ്യന്‍ അംബാസഡറുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

chandrika: