കോഴിക്കോട് : സർക്കാറിൻ്റെ മദ്യനയത്തിൽ ഇളവ് വരുത്താൻ ഹോട്ടലുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അനിമോൻ്റെ ശബ്ദ സന്ദേശം സർക്കാറിൻ്റെ അഴിമതി വ്യക്തമാക്കുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
മദ്യനയത്തിൽ ഹോട്ടൽ ഉടമകൾക്ക് അനുകൂലമാകുന്ന മാറ്റങ്ങൾ വരുത്താൻ വലിയ തുക നൽകേണ്ടി വരുമെന്ന് ശബ്ദരേഖയിൽ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മറ്റിയിൽ എടുത്ത തീരുമാനമാണിതെന്നും ബാറുടമകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് കഴിഞ്ഞാൽ പുതിയ പോളിസി വരുമെന്നും അതിന് മുമ്പ് തുക കൈമാറണമെന്നുമാണ് ശബ്ദ സന്ദേശം.
യു.ഡി.എഫിൻ്റെ മദ്യ നയത്തെ തകർത്ത് മദ്യമാഫിയക്ക് വിലസാനും കേരളത്തിൽ മദ്യമൊഴുകാനും അവസരം നൽകിയ ഇടത് സർക്കാറിൻ്റെ വലിയ അഴിമതിയാണ് പുറത്ത് വന്നത്. ഇല്ലാത്ത കോഴ ആരോപണം നടത്തി കെ.എം മാണിയെ ക്രൂശിച്ചവർ അധികാരത്തിലെത്തിയപ്പോൾ മദ്യമാഫിയക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. അഴിമതിക്ക് കൂട്ട് നിൽക്കുന്ന എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും, അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.