തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം. കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നേരത്തെ കര്‍ണാടകയില്‍ സ്വികരിച്ച നയം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകത്തില്‍ നഗരപരിധിയിലെ റോഡുകളുടെ സംസ്ഥാന, ദേശായ പാതാ പദവി എടുത്തുകളയുകയാണ് ചെയ്തത്. ഇതേ വഴിയാണ് ഇവിടെയും സ്വീകരിക്കുക. പ്രാഥമിക കണക്കുകള്‍ പ്രകാരം, ഇതുമൂലം 129 ബീയര്‍ വൈന്‍ പാലറുകള്‍ തുറക്കാനാകും. ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകള്‍, 10 മദ്യവില്‍പ്പനശാലകള്‍, നാലു ക്ലബുകള്‍ എന്നിവയും തുറക്കാന്‍ വഴിയൊരുങ്ങും.
സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് പുതിയ തീരുമാനം സര്‍ക്കാര്‍ എടുത്തത്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. പഞ്ചായത്തുകളെയും നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റു സംസ്ഥാനങ്ങള്‍ നഗരഭാഗങ്ങളില്‍ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ദേശീയ പാതകളുടെ പേരു മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ കേരളം പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകളും ശേഖരിച്ചു.
റോഡപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 2016 ഡിസംബര്‍ 15നാണ് സുപ്രീം കോടതി വിധി വരുന്നത്. ഇതിനെ മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ പാതകളുടെ പേരു മാറ്റി. ഇതിനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെ നടപടിയില്‍ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ പാതകള്‍ നഗരപരിധിയില്‍ ആകുമ്പോള്‍ ട്രാഫിക് വേഗം കുറവാണെന്നും അതിനാല്‍ തന്നെ പാതകളെ പുനര്‍നാമകരണം ചെയ്യുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍, ഉത്തരവ് അസാധുവാക്കാന്‍ മാത്രമാണോ പുനര്‍നാമകരണമെന്നു പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലും അനുകൂല വിധിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.