തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ബാര്‍ കോഴ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജു രമേശ് ആരോപിച്ചു.
കേസില്‍ നിന്ന് പിന്മാറരുതെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ ഈ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.
കെഎം മാണി പിണറായി വിജയന്റെ വീട്ടില്‍ പോയി കണ്ടതിന് ശേഷമാണ് ബാര്‍ കോഴ കേസ് അവസാനിച്ചത്. ഇരുവരും തമ്മിലുള്ള സന്ദര്‍ശനം കഴിഞ്ഞ ഉടനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ച് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതാണു സംഭവിച്ചത്- ബിജു രമേശ് പറയുന്നു.