ബാര്‍ കോഴ വാര്‍ത്ത ഗൗരവമുള്ളതെന്ന് സിപിഐ നേതാവും എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനറുമായ കെ.കെ. ശിവരാമന്‍. ബാറുടമയുടെ ശബ്ദസന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്നും കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു. പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാറുടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്.
ഇടത് സര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സര്‍ക്കാറിന്റെ മദ്യനയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാല്‍പര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെ.കെ. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് രാവിലെ മുതല്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിടുന്ന ഒരു വാര്‍ത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തില്‍ ഇളവ് വരുത്തുന്നതിന് ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം ഉടനടി നല്‍കണമെന്നാണ് ബാര്‍ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്, നമുക്കായി ഇളവുകള്‍ നല്‍കുമ്പോള്‍ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതില്‍ പറയുന്നത്. എന്നുപറഞ്ഞാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണം! ആര്‍ക്ക് ?
കേരളത്തില്‍ ആയിരത്തോളം ബാറുകള്‍ ഉണ്ടെന്നാണ് അറിവ്, ഈ ബാറുകള്‍ എല്ലാം രണ്ടര ലക്ഷം രൂപ വീതം നല്‍കിയാല്‍ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാര്‍ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം,
സര്‍ക്കാരിന്റെ മദ്യ നയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താല്‍പര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാര്‍ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാവണം.