സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.
1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.
കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.
ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം
എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.
ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.
ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.
വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.