നുണ പ്രചാരണം ലക്ഷ്യമിട്ടുള്ള ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ സാമൂഹിക സാംസകാരിക മേഖലകളിൽ നിന്നെല്ലാം സിനിമക്കെതിരെ പ്രതികരണങ്ങൾ ഉയർന്നു കഴിഞ്ഞു. സിനിമ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നുണ പ്രചാരണമാണ് നടത്തുന്നത് എന്നത് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ അവകാശവാദത്തെ വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗും രംഗത്തെത്തി. മതം മാറി 32000 പേർ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു കോടി ഇനാം നൽകുമെന്നാണ് യൂത്ത് ലീഗ് പ്രഖ്യാപനം. സംഘ്പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ‘ലൗ ജിഹാദ്’ വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.