X
    Categories: MoreViews

മഞ്ചേരിയില്‍ രണ്ട് കോടിയുടെ നിരോധിത നോട്ടുമായി നാലു പേര്‍ അറസ്റ്റില്‍

മഞ്ചേരി: രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകളുമായി 4 പേരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. തിരൂര്‍ പുല്ലാട്ടു വളപ്പില്‍ പി.വി സമീര്‍ (36), തിരൂര്‍ എരമംഗലം ഇട്ടിലായില്‍ അബ്ദുനാസര്‍ (52), മലപ്പുറം പൂക്കയില്‍ കാവുങ്ങപറമ്പില്‍ മുഹമ്മദ് വാവ (55), മണ്ണാര്‍ക്കാട് ചേന്ദമംഗലത്ത് അബൂബക്കര്‍ സിദ്ദീഖ് (45) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ മഞ്ചേരി പാണായിയില്‍ വെച്ച് കാറില്‍ കടത്തികൊണ്ട് വരികയായിരുന്ന 2 കോടി രൂപയുടെ നിരോധിത നോട്ടുകളുമായാണ് ഇവരെ മഞ്ചേരി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

1000 രുപയുടെ നിരോധിത നോട്ടുകളാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിലമ്പൂര്‍ സ്വദേശിക്ക് ഒരു കോടി പഴയ നോട്ടിന് പകരം പുതിയ നോട്ടിന്റെ 25 ലക്ഷം രൂപ എന്ന നിരക്കില്‍ കൈമാറ്റം ചെയ്യാനാണ് വന്നത് എന്ന് മനസിലായിട്ടുണ്ട്. ഇവര്‍ക്ക് പഴയ നോട്ടുകള്‍ എത്തിച്ച് കൊടുത്ത തിരൂര്‍,മുവ്വാറ്റുപുഴ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ സംഖ്യ പിടികൂടുന്നത്.

ഈ സംഭവത്തെക്കുറിച്ച് ഐ.ബിയും, എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണമാരംഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഇതിനു മുമ്പ് ഇത്തരത്തില്‍ 5 ഓളം കേസുകള്‍ പിടികൂടിയിട്ടുണ്ട്. ഈ കേസുകളില്‍ പിടികൂടിയവരെല്ലാം അന്നു തന്നെ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു, പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലിം ,രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

chandrika: