ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്തായി രചനയും സംവിധാനവും നിര്‍വഹിച്ച ലൈലാസ് ബ്രദേഴ്‌സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപിച്ച ചിത്രത്തിന് ഫിപ്രസി , സിറ്റിസണ്‍ഷിപ്പ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു . തുടര്‍ന്ന് ഇറാനിയന്‍ സര്‍ക്കാര്‍ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.
മാതാപിതാക്കള്‍ക്കും നാല് സഹോദരന്മാര്‍ക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം .ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സാധാരണക്കാരന്റെ നേര്‍ചിത്രം കൂടിയാണ് ചിത്രം വരച്ചു കാട്ടുന്നത്. അസ്ഗര്‍ ഫര്‍ഹാദി സിനിമകളിലൂടെ ശ്രദ്ധേയയായ തരാനെ അലിദൂസ്തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.