മുബൈ: രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 90 ശതമാനത്തോളവും നോട്ടുകളും തിരിച്ചെടുത്തതായി കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് അറിയിച്ചു.
നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ 14 ലക്ഷം കോടി രൂപ മൂല്യംവരുന്ന 500, 1000 നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരികെ എത്തിയത്. ഡിസംബര്‍ 10 വരെയുള്ള കണക്കാണിതെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി അറിയിച്ചു.
പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരമായി നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെ ബാങ്ക് കൗണ്ടറുകളും എടിഎം വഴിയും 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ എടിഎമ്മുകളിലും ബാങ്കുകളിലും കൂടുതൽ പണം ഉടൻതന്നെ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു പങ്ക് ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ക്ക് പുതിയ കണക്കുകള്‍ മങ്ങലേല്‍പ്പിക്കുന്നുണ്ട്.
പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനും നിക്ഷേപിക്കാനും ഡിസംബര്‍ 31 വരെ സമയമുണ്ടെന്നിരിക്കേ ഈ തുക ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ബാങ്കിലെത്തുന്ന പഴയനോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ മുനയൊടിച്ചേക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. അല്ലെങ്കില്‍ നോട്ട് അസാധുവാക്കിയതിനുശേഷം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നും സര്‍ക്കാരിന് സമ്മതിക്കേണ്ടിവരും.
2000,500 രൂപയുടെ 170 കോടി നോട്ടുകളും 2100 കോടി 10,20,50,100 രൂപ നോട്ടുകളുമാണ് ഇതുവരെ വിതരണം ചെയ്തത്