മുംബൈ: വാട്ട്‌സാപ്പ് വഴി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്ന പദ്ധതിയുമായി ഐഡിബിഐ ബാങ്ക്. എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സേവനം നല്‍കാനാണ് ബാങ്കിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് വാട്ട്‌സാപ്പ് വഴി സൗകര്യം ഒരുക്കുന്നത്. അക്കൗണ്ടിലെ ബാലന്‍സ്, അവസാന അഞ്ച് ഇടപാടുകളുടെ വിവരം, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഇമെയില്‍ സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിക്കാണ് ബാങ്ക് തുടക്കമിടുന്നത്.
വിവിധ പലിശ നിരക്കുകള്‍, തൊട്ടടുത്തുള്ള ബാങ്ക് ബ്രാഞ്ച് വിവരം, എ ടി എം സെന്ററുകളുടെ വിവരം തുടങ്ങിയവയും വാട്ട്‌സാപ്പ് വഴി ലഭിക്കും. ഉപഭോക്താവിന്റെ സൗകര്യം പരിഗണിച്ചാണ് ഐഡിബിഐ എന്നും മുന്നോട്ട് പോയിട്ടുള്ളതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും രാകേഷ് ശര്‍മ പ്രത്യാശ പ്രകടിപ്പിച്ചു.
കോവിഡ് കാലത്ത് ബാങ്കില്‍ എത്തുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും എല്ലാ ബാങ്കുകളും ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.