X

സ്വര്‍ണമില്ലാതെ സ്വര്‍ണപണയ വായ്പ; സഹകരണ ബാങ്കില്‍ വ്യാജരേഖ ഉപയോഗിച്ച് 18 ലക്ഷം തട്ടിയെടുത്തു, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കാതെ പൊലീസ്

പത്തനംതിട്ട: വയ്യാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാജരേഖയുപയോഗിച്ച് 18 ലക്ഷം തട്ടിയ കേസിലെ പ്രതിയായ സീനിയര്‍ ക്ലാര്‍ക്കിനെതിരേ പരാതിയുണ്ടായിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നു. സി.പി.എമ്മിന്റെ ഉന്നത നേതാക്കളും ജനപ്രതിനിധിയുമടങ്ങുന്ന സംഘത്തിന്റെ സ്വാധീനം മൂലമാണ് നടപടി വൈകുന്നത് എന്നാണ് ആക്ഷേപം. ബാങ്കിന്റെ വയ്യാറ്റുപുഴ ആസ്ഥാന ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന പി.ബി. ബിജുവിനെതിരേ കഴിഞ്ഞ ജൂലൈ 15 നാണ് സെക്രട്ടറി പി.ടി. ജോര്‍ജ് കുട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

2016 സെപ്റ്റംബര്‍ 28 മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 വരെയുള്ള കാലയളവില്‍ 18 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതില്‍ ഒമ്പത് ലക്ഷം രൂപ തിരികെ അടച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ചേര്‍ന്ന ഭരണ സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ജൂലൈ 15 ന് സെക്രട്ടറി പരാതി നല്‍കിയത്. സി.പി.എം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു പി.ബി. ബിജുവിനെ തട്ടിപ്പ് കൈയോടെ പിടിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയില്‍ തരം താഴ്ത്തുകയും ചെയ്തു.

ആസൂത്രിതമായ തട്ടിപ്പാണ് ബിജു ബാങ്കില്‍ നടത്തിയിട്ടുള്ളത്. സെക്രട്ടറി സ്ഥലത്തില്ലാത്തപ്പോഴാണ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ എന്നിവയിലാണ് തട്ടിപ്പ്. സ്വര്‍ണം പണയം വച്ചതായി രേഖയുണ്ടാക്കി പണം മറ്റു പലരുടേയും അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം വൗച്ചറില്‍ വ്യാജമായി ഇടപാടുകാരുടെ ഒപ്പിട്ടാണ് പണം തട്ടിയെടുത്തത്. പണയത്തിന് വച്ചിരിക്കുന്ന സ്വര്‍ണമെന്നത് സങ്കല്‍പ്പം മാത്രമാണ്. അങ്ങനെ ഒന്ന് ബാങ്ക് ലോക്കറില്‍ കാണില്ല. പണയ സ്വര്‍ണം തിട്ടപ്പെടുത്താന്‍ പ്രസിഡന്റും സെക്രട്ടറിയും ഒന്നിച്ച് ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉരുപ്പടിയില്ലാതെ പണയം വച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

സെക്രട്ടറി അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തു പോകേണ്ടി വരുമ്പോള്‍ ബാങ്കിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ബിജുവായിരുന്നു. കളവായ കാര്യങ്ങള്‍ എഴുതി ചേര്‍ത്തും കൃത്രിമ രേഖകള്‍ സൃഷ്ടിച്ചും വിവിധ അംഗങ്ങളുടെ പേരില്‍ അവര്‍ അറിയാതെ ലോണ്‍ പാസാക്കിയതായി കാണിച്ചും അംഗങ്ങളുടെ അക്കൗണ്ടുകള്‍ വഴി പണം പിന്‍വലിച്ചുമായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ജനുവരി 11 ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വര്‍ണ പണയ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 16 സ്വര്‍ണ പണയ വായ്പകളാണ് ബിജു എടുത്തത്. പരിശോധന നടന്ന് ദിവസവും അതിന്റെ തലേന്നുമായി ബിജു 14 പണയങ്ങള്‍ പണം അടച്ച് ക്‌ളോസ് ചെയ്തതായി രേഖയുണ്ടാക്കി. ക്യാഷ് കൗണ്ടറില്‍ ഇതിന്റെ പണം ഇല്ലാതെ വരും എന്ന് മനസിലാക്കിയ ബിജു മറ്റൊരു തട്ടിപ്പാണ് അതിനായി നടത്തിയത്. നേരത്തേ അഡ്വാന്‍സ് ചെയ്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അന്നേ ദിവസം പണം തിരികെ നല്‍കിയെന്ന് രേഖയുണ്ടാക്കി. ഈയിനത്തില്‍ 7,70,784 രൂപയാണ് ബിജു തട്ടിയെടുത്തത്.

ഇതിന് മുന്‍പ് 2018 ഡിസംബര്‍ അഞ്ചിന് മീന്‍കുഴി മാമ്പറ്റ പൊന്നമ്മ എന്നയാളുടെ പേരില്‍ ഒമ്പതു ലക്ഷം വായ്പ അനുവദിച്ചതായി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി. അതിന് ശേഷം അവരുടെ സേവിങ്സ് അക്കൗണ്ട് വഴി വ്യാജചെക്കും വൗച്ചറും ഉപയോഗിച്ച് അഞ്ച് തവണയായി 8,80, 998 രൂപ പിന്‍വലിച്ചു. പൊന്നമ്മയ്ക്ക നിയമപ്രകാരം ലോണ്‍ നല്‍കണമെങ്കില്‍ ഓഹരി തുക ഇനത്തില്‍ 18,000 രൂപയും റിസ്‌ക് ഫണ്ടായി 525 രൂപയും അടയ്ക്കേണ്ടിയിരുന്നു. വായ്പയില്‍ നിന്ന് തന്നെ ഇതിനുള്ള തുകയും ബിജു കണ്ടെത്തി.

പൊന്നമ്മ ഈ വിവരം അറിഞ്ഞിട്ടേയില്ലെന്ന് പിന്നീട് മനസിലായി. ഇങ്ങനെ അപഹരിച്ച പണം 2018 ഡിസംബര്‍ അഞ്ചു മുതല്‍ 12 വരെ വച്ച 13 സ്വര്‍ണ പണയ വായ്പകള്‍ എടുക്കാനാണ് ഉപയോഗിച്ചത്. ഈ പണയവും അംഗങ്ങള്‍ അറിയാതെ വച്ചിരുന്നതാണ്. ഗാര്‍ഹിക അന്വേഷണത്തിനൊടുവില്‍ ബിജു കുറ്റം സമ്മതിച്ച് ഒമ്പതു ലക്ഷം തിരിച്ചടച്ചു. സഹകരണ വകുപ്പ് സീനിയര്‍ ഓഡിറ്റര്‍ വിദ്യാ ജി. നായര്‍ നടത്തി ഓഡിറ്റില്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇത് ബാങ്കിന്റെ നഷ്ടമായി ഈടാക്കുന്നതിന് ഓഡിറ്റില്‍ ശിപാര്‍ശ ചെയ്തിരുന്നു.

 

web desk 1: