ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികളില്‍നിന്നു പിന്മാറി ബാങ്ക് ഓഫ് ബറോഡ. മുംബൈ ജുഹുവിലെ ബംഗ്ലാവിന്റെ ലേല നോട്ടിസാണു ബാങ്ക് പിന്‍വലിച്ചത്. സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ബോക്‌സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനിടെ ലേല നോട്ടിസ് ലഭിച്ചത് ചര്‍ച്ചയായിരുന്നു.
സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിനു വയ്ക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചു. 56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. ഓഗസ്റ്റ് 25ന് ഇ ലേലം നടത്തുമെന്നായിരുന്നു അറിയിപ്പ്. 2022 ഡിസംബര്‍ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശിക വരുത്തിയെന്നാണു ബാങ്ക് പറഞ്ഞിരുന്നത്.
അതേസമയം, തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍, ‘സാങ്കേതിക കാരണങ്ങളെ’ തുടര്‍ന്ന് അജയ് സിങ് ഡിയോള്‍ എന്ന സണ്ണി ഡിയോളിന്റെ ലേല നോട്ടിസ് പിന്‍വലിക്കുകയാണെന്നു ബാങ്ക് അറിയിച്ചു. നടനും രാഷ്ട്രീയ നേതാവുമായ പിതാവ് ധര്‍മേന്ദ്രയാണു സണ്ണിക്കു ജാമ്യം നിന്നിരുന്നത്. എന്താണു സാങ്കേതിക കാരണങ്ങളെന്നോ മറ്റ് ഇടപെടലുകളുണ്ടായോ എന്നതൊന്നും ബാങ്ക് വിശദീകരിച്ചിട്ടില്ല.
ബാങ്ക് നടപടിയെ വിമര്‍ശിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി. ”56 കോടി രൂപ അടയ്ക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിന് ബാങ്ക് ഓഫ് ബറോഡ ഇ ലേല നോട്ടിസ് അയയ്ക്കുന്നു. 24 മണിക്കൂറിനു മുന്‍പ് ‘സാങ്കേതിക കാരണം’ പറഞ്ഞ് നോട്ടിസ് പിന്‍വലിക്കുന്നു. ആരാണ് ഈ സാങ്കേതിക കാരണങ്ങള്‍ സൃഷ്ടിച്ചത് എന്നതില്‍ അത്ഭുതം” കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു.