കണ്ണൂര്‍: സഹകരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സഹകരണ ബാങ്കുകളിലെ പണം ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്ന പ്രവണത വര്‍ദ്ധിച്ചു. ഇതിനകം നൂറു കോടിയിലധികം സഹകരണ നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലെത്തിയതായാണ് അറിയുന്നത്. സഹകരണ ബാങ്കിന്റെ ചെക്ക് അക്കൗണ്ടുള്ള ദേശസാല്‍കൃത ബാങ്കുകളില്‍ നല്‍കിയാണ് നിക്ഷേപങ്ങള്‍ മാറ്റുന്നത്. സഹകരണ ബാങ്കുകളില്‍ പണം ഉള്ളത് ഫിക്‌സഡ് ഡെപോസിറ്റ് ആണെങ്കില്‍ ആദ്യം ആ പണം അതേ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് സറണ്ടര്‍ ചെയ്യുന്നു.
പിന്നീട് ആ തുകക്കുള്ള ചെക്ക് ദേശസാല്‍കൃത ബാങ്കിലെ അക്കൗണ്ടിലേക്ക് നല്‍കുന്നു. ചെക്ക് കളക്ക്ഷനാവുമ്പോള്‍ ആഴ്ചയില്‍ 24000 രൂപ വീതം പിന്‍വലിക്കുന്നു. കൃത്യമായ ഉറവിടമുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ പിന്‍വലിയുന്നത്. ആദായ നികുതി പരിധിയില്‍ വരാത്ത 2.5 ലക്ഷം രൂപയില്‍ കുറഞ്ഞ നിക്ഷേപങ്ങളും രേഖപ്രകാരമുള്ള വാര്‍ഷിക വരുമാനം രണ്ടര ലക്ഷം ഇല്ലാതിരിക്കുകയും പലിശ ഇനത്തില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളും പിന്‍വലിക്കുന്ന കൂട്ടത്തിലുണ്ട്.
രണ്ടര ലക്ഷം വരെയുള്ള പലിശക്ക് 10 ശതമാനം ആദായ നികുതി ബാധകമാണെങ്കിലും ഉറവിടവും റിട്ടേണും സമര്‍പ്പിക്കുമ്പോള്‍ അത് തിരിച്ചുകിട്ടുന്നതിനാലാണ് ഇത്തരം നിക്ഷേപങ്ങള്‍ നിര്‍ഭയമായി ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്നത്.
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള സഹകരണ ബാങ്കുകള്‍ ബാങ്കുകളല്ല സൊസൈറ്റികള്‍ മാത്രമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതും നിക്ഷേപം മാറ്റുന്നതിന് കാരണമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു. നിക്ഷേപങ്ങള്‍ ഇങ്ങനെ ചോര്‍ന്നു തുടങ്ങിയതോടെ ഇത് തടയാനുള്ള തീവ്രശ്രമത്തിലാണ് സഹകരണ ബാങ്കുകള്‍. ഫിക്‌സഡ് ഡെപോസിറ്റ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റാന്‍ എത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തിയും അറിവില്ലാത്തവരെ ഇല്ലാത്ത നിയമം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരിച്ചയച്ചുമാണ് പിടിച്ചുനില്‍ക്കുന്നത്. സേവിംഗ്‌സ് ബാങ്കില്‍ നിലവില്‍ പണമുള്ളവരുടെ ദേശസാല്‍കൃത ബാങ്കുകളിലൂടെ എത്തുന്ന ചെക്കുകളോട് പ്രതികരിക്കാതെയും ചില ബാങ്കുകള്‍ പ്രതിരോധിക്കുന്നു. ചെക്കുകള്‍ പിടിച്ചുവെക്കുന്ന ഓരോ ദിവസത്തിനും ദേശസാല്‍കൃത ബാങ്കുകള്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്ന നിയമം പോലും വിസ്മരിച്ചാണ് ഈ നടപടി.