ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ ബാങ്കിങ് സേവനങ്ങള്‍ക്കും ഇനിമുതല്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി) ബാധകം. ബാങ്കുകളില്‍ നിന്നുള്ള ചെക്ക്ബുക്ക് വിതരണം, അധിക ക്രഡിറ്റ് കാര്‍ഡ്, എ.ടി.എം ഉപയോഗത്തിനുമെല്ലാം ജി.എസ്.ടി നല്‍കേണ്ടി വരും.
നികുതി വകുപ്പ് പല ബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് രണ്ടു മാസത്തിനിടെ നോട്ടീസ് അയച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന സൗജന്യസേവനങ്ങള്‍ ബാങ്കുകള്‍ ഇതിനകം പിന്‍വലിച്ചു തുടങ്ങി. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുമ്പോഴുള്ള ആനുകൂല്യത്തിനും ഇനിമുതല്‍ ജിഎസ്ടി ബാധകമാകും.
മിക്ക ബാങ്കുകളും മിനിമം ബാലന്‍സുള്ള അക്കൗണ്ടുകളില്‍ ഇത്തരം സേവനങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകാരില്‍ നിന്ന് ബാങ്കുകള്‍ ഫീസ് ഈടാക്കുന്നുണ്ട്. ഈ ഫീസിന്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടി വരിക. ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി നേരെ സര്‍ക്കാരിലേക്ക് അടയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ സിഇഒ വി ജി കണ്ണന്‍ പറയുന്നു. സൗജന്യസേവനങ്ങള്‍ നല്‍കുന്നത് ഖജനാവിന് നഷ്ടമാണെന്ന നവഉദാരനയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാ ര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളടക്കം ബാങ്കുകള്‍ വഴിമാത്രമേ ലഭിക്കൂ എന്ന സ്ഥിതി നിലവിലിരിക്കേ തീരുമാനം നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കളില്‍ നിന്ന് വലിയ തോതിലുള്ള ചാര്‍ജ് ബാങ്കുകള്‍ ഈടാക്കും.