X

വ്യാജ സ്വര്‍ണം ബാങ്കില്‍ പണയംവച്ച് 1.69 കോടി തട്ടി; യുവതി പിടിയില്‍

കോഴിക്കോട്: പി.എം. താജ് റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവച്ച് 1,69,51,385 രൂപ തട്ടിയ വയനാട് സ്വദേശിനിയെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. വയനാട് ഇരുളം പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദു (43) ആണ് പിടിയിലായത്. കേസില്‍ ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പടെ ഒമ്പതുപേരെ പ്രതികളാക്കിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

2020 ഫെബ്രുവരിമുതല്‍ ഒമ്പത് അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജസ്വര്‍ണം ബാങ്കില്‍ പണയം വെച്ചത്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം മനസ്സിലായത്. ഇതോടെ അധികൃതര്‍ ടൗണ്‍ പൊലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് സിറ്റി പൊലീസ് ചീഫ് എ.വി. ജോര്‍ജ് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തി. ഇങ്ങനെയാണ് ബിന്ദുവിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ടൗണ്‍ പൊലീസ് സി.ഐ. എ. ഉമേഷിന്റെ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തു.

നടക്കാവ് ബിലാത്തികുളത്തെ വാടക ഫ്‌ലാറ്റിലാണ് ഇപ്പോള്‍ താമസം. ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള പി.എം. താജ് റോഡിലെ പിങ്ക് ബ്യൂട്ടി പാര്‍ലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിങ് യൂണിറ്റിലും ടൗണ്‍ പൊലീസ് പരിശോധന നടത്തി. ഇവിടങ്ങളില്‍നിന്നും വ്യാജസ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരിലും മുക്കുപണ്ടം പണയംവെച്ചിട്ടുണ്ട്. പെട്ടെന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാത്ത തരത്തില്‍ ആഭരണങ്ങളില്‍ 10 ശതമാനത്തോളം സ്വര്‍ണം പൂശിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാജ സ്വര്‍ണം വാങ്ങാനായി ഇവര്‍ക്ക് 90 ലക്ഷം രൂപ ചെലവായതായി പോലീസ് പറഞ്ഞു.

ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണോ തട്ടിപ്പു നടന്നതെന്നും കൂടുതല്‍പേര്‍ക്ക് ബന്ധമുണ്ടോയെന്നും ബിന്ദുവിനെ കൂടുതല്‍ ചോദ്യംചെയ്താല്‍മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് സി.ഐ. എ. ഉമേഷ് പറഞ്ഞു.

Test User: