X

ബാങ്ക് വായ്പാ തട്ടിപ്പ്: റോട്ടോമാക് ഉടമ അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ബാങ്ക് വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റു ചെയ്തു.
ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഓഫീസിലും സിബിഐ പരിശോധന നടത്തിയത്. ഭാര്യ സാധന കോത്താരി, മകന്‍ രാഹുല്‍ കോത്താരി എന്നിവരെ ചോദ്യം ചെയ്തതിനു ശേഷമാണ് കോത്താരിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്.
റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡയരക്ടര്‍മാരായ വിക്രം കോത്താരി, ഭാര്യ സാധന കോത്താരി, മകന്‍ രാഹുല്‍ കോത്താരി, തിരിച്ചറിയാത്ത ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോത്താരി ഇന്ത്യ വിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ത്യയില്‍ തന്നെയുണ്ടെന്ന കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സി. ബി. ഐ സംഘം കാണ്‍പൂരിലെത്തിയത്. ഡല്‍ഹിയിലെ സി. ബി. ഐ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരും. അതേ സമയം വിക്രം കോത്താരി ബാങ്കുകളില്‍ അടയ്‌ക്കേണ്ടത് 3695 കോടിയെന്ന് സിബിഐ അറിയിച്ചു. കോത്താരിയുടേത് 800 കോടിയുടെ തട്ടിപ്പാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.
യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍നിന്ന് വായ്പയെടുത്ത കോത്താരി ഒരു രൂപപോലും തിരിച്ചടച്ചിട്ടല്ലെന്നാണ് കേസ്. ഏഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 2,919 കോടി രൂപയാണ് കോത്താരി വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതും പലിശയുമടക്കം കോത്താരി 3,695 കോടി രൂപ അടക്കാനുണ്ടെന്ന് സി.ബി.ഐ പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപ തട്ടിച്ച് വജ്ര വ്യാപാരിയായ നീരവ് മോദിയും പാര്‍ട്ണറും അമ്മാവനുമായ മെഹുല്‍ ചോക്‌സിയും കടുന്നു കളഞ്ഞതിനു പിന്നാലെയാണ് കോത്താരിക്കെതിരെ പരാതി ഉയര്‍ന്നത്.
അതിനിടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ക്രമക്കേടുകളും നടന്നത് ബ്രാഡി ഹൗസ് ശാഖ കേന്ദ്രീകരിച്ചാണെന്നാണ് സി.ബി.ഐയുടെ വാദം.

chandrika: