റാഞ്ചി: ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ പിരിവെടുത്തു നടത്തി. ജാര്‍ഖണ്ഡിലെ ലെതേഹാര്‍ ജില്ലയിലെ ബിര്‍ശ്രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. ജ്വുല്‍ കുജൂര്‍ എന്ന റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അയല്‍വാസികളില്‍ നിന്നും മറ്റും പിരിവെടുത്ത് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടിവന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുജൂറിന്റെ ഭാര്യ ഹിരാമണി മരിക്കുന്നത്.
അന്ത്യകര്‍മങ്ങള്‍ക്ക് വേണ്ട പതിനായിരം രൂപക്കായി കുജൂറും ബന്ധുവും പ്രദേശത്തെ എസ്ബി.ഐ ശാഖയിലെത്തിയെങ്കിലും ആവശ്യപ്പെട്ട തുകയത്രയും നല്‍കിയില്ല. തുടര്‍ന്ന് മാനേജരോട് അവസ്ഥ വിശദീകരിച്ചെങ്കിലും അദ്ദേഹവും നലായിരം രൂപയെ നല്‍കാനുള്ളൂ എന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് ബാക്കിയാവശ്യമുള്ള ആറായിരം രൂപ പിരിച്ചെടുത്താണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
സ്വന്തം പണം അത്യാവശ്യത്തിന് എടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു കുജൂറിന്റെ നിറകണ്ണുകളോടെയുള്ള ചോദ്യം. സംഭവം വിവാദമായതോടെ ബാങ്ക് മാനേജര്‍ വിശദീകരണവുമായി രംഗത്തെത്തി. പണമത്രയും കൊടുക്കാനില്ലാത്തതുകൊണ്ടാണ് നാലായിരം വരെ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നവംബര്‍ എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വന്‍ പ്രതിസന്ധിയാണ് ഇത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്നത്.