X

ബാങ്ക് ജീവനക്കാരുടെ സംഘടനകളും സര്‍ക്കാറിനെതിരെ: ‘നോട്ട് പിന്‍വലിക്കല്‍ സാമ്പത്തിക അലങ്കോലത്തിന് കാരണമായി’

500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സാമ്പത്തിക രംഗത്ത് അങ്കലാപ്പും ബാങ്ക് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദവു ഉണ്ടാക്കിയതായി ജീവനക്കാരുടെ സംഘടനകള്‍. ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ എന്നിവരാണ് ഇന്ത്യ ബാങ്ക്‌സ് അസോസിയേഷന് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്.

അധികസമയം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ ബാങ്ക് ശാഖകളിലെ ഓഫീസര്‍മാരും ജീവനക്കാരും വന്‍ സമ്മര്‍ദ്ദമാണ് നേരിടുന്നത്. മുന്നറിയിപ്പും പകരം സംവിധാനവുമില്ലാതെ കറന്‍സി പിന്‍വലിച്ചത് ബാങ്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അലങ്കോലമാക്കി. ഇപ്പോള്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള 100 രൂപാ നോട്ടുകള്‍ക്ക് വന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ഇക്കാര്യം തിരിച്ചറിയുകയും പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങുകയും വേണം – കത്തില്‍ പറയുന്നു.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 100 രൂപാ നോട്ടുകള്‍ 535 എണ്ണമാണ് ആവശ്യമായി വന്നിരുന്നത്. എന്നാല്‍ 490 കോടി എണ്ണം മാത്രമേ എത്തിയിരുന്നുള്ളൂ. പുതിയ 500 രൂപാ നോട്ട് ലഭ്യമാക്കാതെ പഴയ നോട്ട് പിന്‍വലിച്ചതിനു പിന്നിലെ യുക്തി മനസ്സിലാവുന്നില്ല – കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

റിസര്‍വ് ബാങ്ക് ആവശ്യമായ നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ബാങ്കുകളുടെ സംഘടന ഉറപ്പുവരുത്തണമെന്നും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സമ്മര്‍ദ്ദം കുറക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

chandrika: