തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗം തേടി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബിവറേജ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. സഹകരണ പ്രതിസന്ധി പരിഹരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസകും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തും.