ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. പണം നിക്ഷേപിക്കുന്നവര്‍ക്കും അതിനു സഹായിക്കുന്ന അക്കൗണ്ട് ഉടമയ്ക്കും ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകള്‍ ചുമത്താനാണ് ആദായ നികുതി വകുപ്പ് നീങ്ങുന്നത്.
മുന്‍ ധാരണകള്‍ക്ക് വിധേയമായി മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ 2000ന്റെയോ മറ്റോ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നതാണ് പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ വരുക. ഇത്തരത്തില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് ബിനാമി നിയമം.
പണം നിക്ഷേപിക്കുന്നത് ആളെ ബെനഫിഷ്യല്‍ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കിയാണ് കേസെടുക്കുക.
കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്കും അതിന് സഹായം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തിയായിരിക്കും കേസ് ഫയല്‍ ചെയ്യുക.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപത്തിന് ശേഷം നിക്ഷേപം വരാത്ത പല അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണം വന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി നോട്ടു അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ ഇനി കര്‍ശന നിരീക്ഷണത്തിലാവും.