ബാംഗളൂരു: രാഷ്ട്രീയഭാവി തകരുമെന്ന് കരുതി അവിഹിത ബന്ധത്തിലുണ്ടായ രണ്ടുവയസ്സുകാരിയെ കൊന്നു. കര്‍ണാടക സ്വദേശിയാണ് തന്റെ മകളെ കൊലപ്പെടുത്തിയത്. ചിത്രദുര്‍ഗ ജില്ലയിലുള്ള നിനഗപ്പ(35) എന്ന രാഷ്ട്രീയക്കാരനാണ് ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. ഒരു മാസം മുമ്പാണ് സംഭവം.
കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ശശികല എന്ന യുവതിയുമായി നിനഗപ്പക്ക് ബന്ധമുണ്ടായിരുന്നു. ഇതില്‍ ശിരിഷ എന്ന കുട്ടിയുമുണ്ടായി. ഇരുവരുടെയും കുടുംബത്തിനും ഈ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. എന്നാല്‍ ശശികലയുടെ കുടുംബം ബന്ധം അറിഞ്ഞതോടെ ശശികലയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വരുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന നിനഗപ്പക്ക് ഇത് സമ്മതമായിരുന്നില്ല. ഈ ബന്ധം തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്ന് ഭയപ്പെട്ടു. എന്നാല്‍ കുട്ടിയെ ഒഴിവാക്കാന്‍ സമര്‍ത്ഥമായി തന്ത്രങ്ങള്‍ നെയ്തു. ശശികലയെ ഗ്രാമത്തിലേക്ക് അയച്ച് കുട്ടിയെ കൂടെ നിര്‍ത്തി. തുടര്‍ന്ന് മകളെ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സംസ്‌കരിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ വീട്ടിലെത്തുകയും ചെയ്തു.
ഗ്രാമത്തിലെത്തിയ രണ്ടാം ഭാര്യ തന്റെ മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മകള്‍ സുഖമായിരിക്കുന്നുവെന്നാണ് നിനഗപ്പ പറഞ്ഞത്. ഒക്ടോബര്‍ 8ന് മകളെ ചൊല്ലി നിനഗപ്പയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായി. മകളെ മറന്നുകൊള്ളാനാണ് നിനഗപ്പ പറഞ്ഞത്. ഇതോടെ ശശികല പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 12ന് പ്രതി മകളെ കൊലപ്പെടുത്തിയതായി കുറ്റം സമ്മതിച്ചു.
നേരത്തെ വിവാഹം കഴിച്ച നിനഗപ്പക്ക് ആദ്യഭാര്യയില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ആദ്യഭാര്യ പറഞ്ഞു.