ബംഗ്ലൂര്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. ബാംഗ്ലൂരില്‍ നടന്ന മൂന്നാം മത്സരത്തില്‍ 75 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന്നിന് സ്വന്തമാക്കി. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 16.3 ഓവറില്‍ എല്ലാവരും പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചഹലാണ് ഇംഗ്ലണ്ടിനെ കഥ കഴിച്ചത്. ഭുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോ റൂട്ട്(42) ഓയിന്‍ മോര്‍ഗണ്‍(40) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യന്‍ ഇന്നിങ്‌സ് റിപ്പോര്‍ട്ട്:
സുരേഷ് റെയ്‌നയുടെയും(63) മഹേന്ദ്ര സിങ് ധോണിയുടെയും(56) അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 203 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 202 റണ്‍സെടുത്തത്. 45 പന്തില്‍ നിന്ന് അഞ്ച് സിക്‌സിന്റെയും രണ്ട് ബൗണ്ടറികളുടെയും ബലത്തിലാണ് റെയ്‌നയുടെ ഇന്നിങ്‌സ് എങ്കില്‍ ധോണിയുടെത് 36 പന്തില്‍ രണ്ട് സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു.
പ്ലങ്കറ്റാണ് റെയ്‌നയെ മടക്കിയത്. ധോണിയെ ക്രിസ് ജോര്‍ദനും. 10 പന്തില്‍ 27 റണ്‍സെടുത്ത യുവരാജും മോശമാക്കിയില്ല. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും യുവി അടിച്ചെടുത്തു. മില്‍സിന്റെ സ്ലോ ബോളില്‍ യുവരാജ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ക്രിസ് ജോര്‍ദാന്റെ 18ാം ഓവറിലായിരുന്നു യുവിയുടെ വെടിക്കെട്ട് ബാറ്റിങ്. അരങ്ങേറ്റക്കാരന്‍ പന്ത്(6 ) ഹര്‍ദ്ദിക്ക് പാണ്ഡ്യ(11) എന്നിവരും തിളങ്ങി.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോഹ്ലിയെ(2) റണ്‍ഔട്ടാക്കി ഇംഗ്ലണ്ട് തുടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ലോകേഷും റെയ്‌നയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. എന്നാല്‍ രാഹുലിനെ(22) സ്റ്റോക്ക് മടക്കി. പിന്നീട് എത്തിയ ധോണിയും ടോപ് ഗിയറിലായി. ടി20യില്‍ ധോണിയുടെ കന്നി അര്‍ദ്ധ സെഞ്ച്വറിയാണ് ബാംഗ്ലൂരില്‍ പിറന്നത്.