X

റെക്കോര്‍ഡുമായി ബംഗ്ലദേശ് ക്രിക്കറ്റര്‍ മെഹ്ദി ഹസന് ടെസ്റ്റ് അരങ്ങേറ്റം

ചിറ്റഗോങ്: അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ മെഹ്ദി ഹസന്റെ ഉജ്വല ബൗളിങ് മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പൊരുതുന്നു. അഞ്ച് വിക്കറ്റ് പിഴുത ഹസന്റെ ബൗളിങ് മികവിന് മുന്നില്‍ മുന്‍നിര തകര്‍ന്ന് വീണപ്പോള്‍ ആദ്യ ദിനം 258/7 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ ദിനം തന്റേതാക്കുകയായിരുന്നു മെഹ്ദി. 36 ഓവര്‍ പന്തെറിഞ്ഞ ചിറ്റഗോങുകാരന്‍ 64 റണ്‍സ് വഴങ്ങിയാണ് 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ മാത്രം താരമാണ് 18കാരന്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കം മുതല്‍ തിരിച്ചടിയായിരുന്നു. ഒരു ഘട്ടത്തില്‍ 21 /3 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. എന്നാല്‍ മുഈന്‍ അലി(68), ബേയ്‌സ്‌റ്റോ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് മാന്യനിലയിലേക്ക് നയിച്ചത്. ചിറ്റഗോങിലെ സ്പിന്നനിനെ തുണക്കുന്ന പിച്ചില്‍ ബംഗ്ലദേശ് അഞ്ച് സ്പിന്നര്‍മാരെയാണ് ഇന്ന് ഉപയോഗിച്ചത്. ഷാക്കിബ് ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്നു ടെസ്റ്റ് അരങ്ങേറ്റക്കാരുമായാണ് ബംഗ്ലദേശ് ഇന്ന് കളത്തലിറങ്ങിയത്.

Web Desk: