X

‘മോറ’യില്‍ വിറങ്ങലിച്ച് ബംഗ്ലാദേശ്

 
ധാക്ക: മോറ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കനത്ത നാശം. കാറ്റിലും പ്രളയത്തിലും ആയിരങ്ങള്‍ ഭവന രഹിതരായി. പതിനായിരങ്ങള്‍ വീടുകള്‍ ഉപേഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. ബംഗ്ലാദേശിന്റെ ദക്ഷിണ-കിഴക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. ഏകദേശം അഞ്ച് പേര്‍ കാറ്റിലും മഴയിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയരുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
കാറ്റിലും പ്രളയത്തിലും നൂറുകണക്കിന് വീടുകള്‍ നിലം പൊത്തിയിട്ടുണ്ട്. ആയിരകണക്കിനു വീടുകള്‍ ഭാഗീകമായി നശിച്ചു. 3,50,000 പേരെ ചുഴലിക്കാറ്റ് ബാധിച്ചതായി സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. സെന്റ് മാര്‍ട്ടിന്‍, ടെക്‌നാഫ് എന്നീ തീരദേശ ജില്ലകളിലാണ് കനത്ത നാശം. കോക്‌സ് ബസാറില്‍ നിന്നു 2,00000 പേരെ മാറ്റി പാര്‍പ്പിച്ചു. ചിറ്റഗോങില്‍ ഒട്ടേറെ പേര്‍ ഭവന രഹിതരായി. 1,50,000 പേരാണ് പ്രളയദുരിതം പേറുന്നത്. പ്രാദേശിക സമയം ഇന്നലെ രാവിലെ ആറ് മണിയോടെയാണ് കാറ്റ് രാജ്യത്ത് നാശം വിതച്ചു തുടങ്ങിയത്. മണിക്കൂറില്‍ 117 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിക്കുന്നത്. തീരദേശങ്ങളിലാണ് നാശം ഏറെയും. കടല്‍ പ്രക്ഷുബ്ദമായതോടെ തിരമാലകള്‍ ഉയരത്തിലാണ് കരയിലേക്ക് എത്തുന്നത്. പ്രകൃതി ക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സ്‌കുളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും താല്‍ക്കാലിക കൂടാരങ്ങള്‍ പ്രളയബാധിതര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കടലില്‍ പോയ ബോട്ടുകള്‍ തീരത്തേക്ക് തിരിച്ചു വിളിപ്പിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു വിമാനങ്ങളുടെ സര്‍വീസുകള്‍ ഭാഗികമായും ചിലതു പൂര്‍ണമായും റദ്ദാക്കി.
കാറ്റിന്റെ ശക്തി കുറഞ്ഞതായും രണ്ടു ദിവസം കൂടി ഇതിന്റെ പ്രതിഫലനം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഇന്ത്യയിലും ഇതിന്റെ തുടര്‍ച്ചയുണ്ടാകാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ആണവോര്‍ജം സംബന്ധിച്ച കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ വിയന്നയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. മഴക്കെടുതികള്‍ നേരിടാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 2016ല്‍ ബംഗ്ലാദേശില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 20 പേരാണ് മരിച്ചത്. അരലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ശ്രീലങ്കയിലെ കനത്ത മഴക്ക് ശേഷമാണ് മോറ രൂപപെട്ടത്.

chandrika: