കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലാന്റിനെതിരെ ബംഗ്ലാദേശിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 115 പന്തില്‍ 114 റണ്‍സ് നേടിയ ഷാഖിബുല്‍ ഹസന്റെയും 107 പന്തില്‍ 102 റണ്‍സ് നേടിയ മുഹമ്മദുല്ലയുടെയും മിന്നുന്ന പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. കിവി ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നത് 63 റണ്‍സ് നേടിയ ടെയ്‌ലറും 57 റണ്‍സ് നേടിയ വില്ല്യംസണുമാണ്. മാര്‍ട്ടിന്‍ ഗുപ്ടില്‍ 33 നും ബ്രും 36 റണ്‍സിനും പുറത്തായി. 13 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ മൊസദാക് ഹുസൈനാണ് ബൗളര്‍മാരില്‍ കരുത്തനായത്. കഴിഞ്ഞ മല്‍സരത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ തമീം ഇഖ്ബാലിനെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കിയാണ് കിവീസ് തുടങ്ങിയത്. സൗമ്യ സര്‍ക്കാര്‍ 3 റണ്‍സിനും മടങ്ങി. സബീര്‍റഹ്മാനും വന്ന വഴിയേ മടങ്ങിയപ്പോള്‍ വന്‍ തകര്‍ച്ചയാണ് കടുവകള്‍ മുന്നില്‍ കണ്ടത്. എന്നാല്‍ ഷാക്കിബ് അല്‍ ഹസനും മഹമൂദുല്ലയും ഉജ്വല പ്രകടനം കാഴ്ച വെക്കുകയായിരുന്നു. ജയത്തോടെ സെമി ഫൈനല്‍ സാധ്യത ബംഗ്ലാദേശ് സജീവമാക്കിയിരിക്കുകയാണ്.
ഇന്ന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടുന്ന ഓസീസ് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇതു വരെ രണ്ടു മത്സരങ്ങള്‍ കളിച്ചത്് രണ്ടും മഴ കൊണ്ടു പോയതിനാല്‍ ഇന്ന് കാലാവസ്ഥ ചതിച്ചാല്‍ ഓസീസിന് കെട്ടിപ്പൂട്ടി നാട്ടിലേക്കു മടങ്ങേണ്ടി വരും. അതേ സമയം ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാനുമാകും. ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ മഴ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കില്‍ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ മഴ വില്ലനാവുകയായിരുന്നു. അതേ സമയം രണ്ടു മത്സരങ്ങള്‍ വിജയിച്ച് ഇതിനോടകം സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ച ഇംഗ്ലണ്ട് ഓസീസിനെ കൂടി കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനാവുമെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇംഗ്ലണ്ടിന് അനുകൂലമെങ്കില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതാണ് ഓസീസിന് ആശ്വാസം പകരുന്നത്. അതേ സമയം എഡ്ജ്ബാസ്റ്റണില്‍ ഇതിനു മുമ്പ് നടന്ന മൂന്ന് മത്സരങ്ങളിലും മഴയുടെ സാന്നിധ്യമുണ്ടായതിനാല്‍ ഇന്നത്തെ മത്സരത്തേയും മഴ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. മത്സരത്തില്‍ ഇംഗ്ലണ്ടിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് മുന്‍ ഓസീ താരം മൈക്കല്‍ ഹസി പറയുന്നു. അതിനാല്‍ തന്നെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.