X

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ 309 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം നേടുന്നത്. നേരത്തെ 2007 ലോകകപ്പില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ 67 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

അര്‍ധ സെഞ്ചുറിയ നേടിയ ഫാഫ് ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. 53 പന്തില്‍ ഡുപ്ലെസി 62 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിങ്‌സ്.

10 ഓവറില്‍ 67 റണ്‍സ് വഴങ്ങി ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. എട്ട് ഓവറില്‍ 57 റണ്‍സ് വഴങ്ങി മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസ്സന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ബംഗ്ലാദേശ് വെച്ചത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്.
ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് 84 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍ 80 പന്തില്‍ 78 റണ്‍സായിരുന്നു മുഷ്ഫിഖുറിന്റെ സംഭാവന.

Test User: