ബംഗ്ലാദേശിലെ അശാന്തി വടക്കുകിഴക്കന്‍ അതിര്‍ത്തികളിലൂടെ ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ ഒഴുക്ക് വര്‍ധിപ്പിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 50ഓളം മുസ്ലിം കുടിയേറ്റക്കാരെ അസമില്‍ നിന്ന് അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
‘അവരില്‍ മിക്കവരും ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. കലാപം മൂലം ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ അവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തു. മിക്കവരും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ജോലിചെയ്യാന്‍ പോവുകയായിരുന്നു. എന്നാല്‍ ഇങ്ങനെ വരുന്നവരുടെ അസ്തിത്വം എന്താണെന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുത്തും,; ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലാദേശില്‍ അശാന്തി ഉണ്ടെങ്കില്‍ പോലും ഹിന്ദുക്കള്‍ ആരും ആസാമിലേക്ക് കുടിയേറുന്നില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ദക്ഷിണ അസമിലെ കരിംഗഞ്ചില്‍ നിന്ന് മൂന്ന് കുടിയേറ്റക്കാരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകളിലും കരിംഗഞ്ചിലെ മറ്റ് സ്ഥലങ്ങളിലും കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് മുസ്ലിംകള്‍ അനധികൃതമായി കുടിയേറിയതുമൂലം ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഉയര്‍ത്തിക്കാട്ടാന്‍ തന്റെ സര്‍ക്കാര്‍ ഉടന്‍ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ശര്‍മ്മ പറഞ്ഞു. 28,000 പോളിങ് ബൂത്തുകളില്‍ 19,000 എണ്ണത്തിലും ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശര്‍മ പറഞ്ഞു.
കഴിഞ്ഞ ദിവസം മിയ മുസ്ലിംകളെ അസം കീഴടക്കാന്‍ താന്‍ അനുവദിക്കില്ലെന്ന വിവാദ പരാമര്‍ശം ഹിമന്ത നടത്തിയിരുന്നു. അടുത്തിടെ നാഗോണില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ക്രമസമാധാന നില ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. അതേക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവെയായിരുന്നു ഹിമന്തയുടെ വിവാദ പരാമര്‍ശം.