ന്യൂഡല്‍ഹി: ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലുകളാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. ബംഗ്ലാ കുടിയേറ്റക്കാര്‍ ചിതലുകളാണെന്നും ഇന്ത്യക്കാരുടെ ഭക്ഷണം തിന്നു തീര്‍ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. കോടിക്കണക്കിനു വരുന്ന കുടിയേറ്റക്കാര്‍ ചിതലുകളാണെന്നും ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട ഭക്ഷണം അവര്‍ കാര്‍ന്നു തിന്നു തീര്‍ക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യക്കാരുടെ ജോലിയും ഇവര്‍ തട്ടിയെടുക്കുകയാണ്. ഇവര്‍ നാട്ടില്‍ സ്‌ഫോടനമുണ്ടാക്കുന്നു. ഇന്ത്യക്കാര്‍ അത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുവെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. 2019ല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഇവരില്‍ ഓരോരുത്തരെയും കണ്ടെത്തി പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വം രജിസ്റ്ററിലൂടെ 40 ലക്ഷം പേര്‍ അനധികൃത താമസക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
അതേസമയം, അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബംഗ്ലാദേശ് രംഗത്തുവന്നു. അനാവശ്യ പരാമര്‍ശമാണ് അമിത്ഷായുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഇന്ത്യ-ബംഗ്ലാ ബന്ധത്തെക്കുറിച്ച് അമിത്ഷാ പറയേണ്ടില്ലെന്നും ബംഗ്ലാദേശ് മന്ത്രി ഹസനുല്‍ ഹഖ് ഇന പ്രതികരിച്ചു. അമിത് ഷായുടെ നടപടി അനാവശ്യ പരാമര്‍ശമാണ്. അമിത്ഷായുടെ പ്രസംഗത്തിന് ധാക്ക ഒരു പ്രാധാന്യവും കല്‍പിക്കുന്നില്ല. അതിന് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവമില്ല. ഇന്ത്യ-ബംഗ്ല ബന്ധത്തെക്കുറിച്ച് പറയാന്‍ അമിത്ഷാ ആയിട്ടില്ലെന്നും ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.