ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് 4 മണിക്ക് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.
ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നത്.