ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയക്ക് അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം തടവ്. സിയ ഓര്‍ഫനേജ് ട്രസ്റ്റിനുവേണ്ടി വിദേശത്തുനിന്ന് സ്വരൂപിച്ച വന്‍തുക തട്ടിയെടുത്തുവെന്ന കേസില്‍ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അഖ്താറുസ്സമാനാണ് ശിക്ഷ വിധിച്ചത്. ഖാലിദയുടെ മകന്‍ താരീഖ് റഹ്്മാന്‍ ഉള്‍പ്പെടെ കേസില്‍ കൂട്ടുപ്രതികളായ മറ്റ് അഞ്ച് പേര്‍ക്ക് 10 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റിസ് പാര്‍ട്ടി(ബി.എന്‍.പി)യുടെ വൈസ് ചെയര്‍മാനായ റഹ്്മാന്‍ ഒമ്പതു വര്‍ഷമായി ബ്രിട്ടനിലാണ് കഴിയുന്നത്.
അനാഥാലയ ട്രസ്റ്റിനുവേണ്ടി വിദേശത്തുനിന്ന് സ്വരൂപിച്ച 2.52 ലക്ഷം ഡോളര്‍ ഖാലിദ തട്ടിയെടുത്തുവെന്നാണ് കേസ്. ആരോപണം നിഷേധിച്ച അവര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചിരുന്നു. കോടതി വിധി വന്ന ഉടനെ തലസ്ഥാനമായ ധാക്കയിലെ തെരുവുകളില്‍ ഖാലിദയുടെ അനുയായികളും പൊലീസും ഏറ്റുമുട്ടി. കനത്ത സുരക്ഷാ സന്നാഹമുണ്ടായിട്ടും ആയിരക്കണക്കിന് ബി.എന്‍.പി പ്രവര്‍ത്തകരാണ് ഖാലിദയുടെ വാഹനവ്യൂഹത്തെ അനുഗമിച്ച് കോടതിയുടെ പരിസരത്ത് എത്തിയിരുന്നത്. ബി.എന്‍.പി പ്രക്ഷോഭം തടയാന്‍ ഭരണകക്ഷിയായ അവാമി ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തകരും ധാക്കയിലെ പ്രധാന കേന്ദ്രങ്ങളില്‍ തമ്പടിച്ചിരുന്നു. അക്രമാസക്തരായ പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഏറ്റുമുട്ടലില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കറ്റു. രണ്ട് വാഹനങ്ങള്‍ക്ക് തീവെച്ചു. കോടതി വിധിക്കു മുമ്പ് തന്നെ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് ബി.എന്‍.പിയുടെ ഉന്നതരായ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡി ഭയന്ന് അനേകം നേതാക്കള്‍ ഒളിവില്‍ പോയിട്ടുണ്ട്. ബി.എന്‍.പിയെ ബംഗ്ലാദേശിന്റെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്താനാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകൂടം ശ്രമിക്കുന്നതെന്ന് ബി.എന്‍.പി സെക്രട്ടറി ജനറല്‍ മിര്‍സ ഫഖ്‌റുല്‍ ആലംഗീര്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് മുവ്വായിരത്തിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കുശേഷം രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. കോടതി വിധിയെ ബംഗ്ലാദേശ് ഭരണകൂടം സ്വാഗതം ചെയ്തു. നിയമത്തിനു അതീതരായി ആരുമില്ലെന്നാണ് ഖാലിദക്കെതിരെയുള്ള വിധി തെളിയിക്കന്നതെന്ന് നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി അനീസുല്‍ ഹഖ് അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം സമാധാനപരമായി നടത്തുന്ന പ്രതിഷേധ പരിപാടികള്‍ അടിച്ചമര്‍ത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബി.എന്‍.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വാച്ച് ചൂണ്ടിക്കാട്ടി. ഖാലിദ രണ്ടു തവണ പ്രധാനമന്ത്രിയായിട്ടുണ്ട്. ഭര്‍ത്താവായ മുന്‍ പ്രസിഡന്റ് സിയാഹുറഹ്മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1980കളുടെ ആദ്യത്തിലാണ് ഖാലിദ സിയ രാഷ്ട്രീയത്തിലെത്തിയത്. 1991ല്‍ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി.