ക്രൈസ്റ്റ്ചര്‍ച്ച്: ഇന്നലെ ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്‍ഡിന്റെയും ക്രിക്കറ്റ് താരങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും. ജുമുഅ നമസ്‌കരിക്കാനെത്തിയതായിരുന്നു അവര്‍. മല്‍സരം റിപ്പോര്‍ട്ട്് ചെയ്യാന്‍ ബംഗ്ലാദേശില്‍ നിന്നുമെത്തിയ മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. അവരില്‍ പ്രമുഖനായ മുഹമ്മദ് അസ്‌ലം ഞെട്ടിക്കുന്ന ദിവസത്തെക്കുറിച്ച് വിവരിക്കുന്നു: മൂന്നാം ടെസ്റ്റിന് മുന്നോടിയായി ആരെല്ലാമായിരിക്കും ആദ്യ ഇലവനില്‍ കളിക്കുകയെന്നറിയാനും രണ്ട് നായകന്മാരുടെയും വാര്‍ത്താസമ്മേളനത്തിനുമായാണ് അസ്‌ലം രാവിലെയെത്തിയത്.
ഉച്ചക്ക് ഒരു മണി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഹെഗ്‌ലി ഓവലിലേക്ക് പരിശീലനത്തിനായി വരുന്നു. ചെറിയ മഴ പെയ്യുന്നത് കൊണ്ട് സമീപത്തെ പള്ളിയിലേക്ക് പോവാനായിരുന്നു ടീമിന്റെ തീരുമാനം. ജുമുഅ നമസ്‌ക്കാരത്ിന് ശേഷം പരിശീലനം ആരംഭിക്കാനും തീരുമാനിക്കുന്നു. ലിങ്കണ്‍ യുനിവേഴ്‌സിറ്റിയില്‍ ഇന്‍ഡോര്‍ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ അത്രയും ദൂരം പേവാന്‍ ടീമിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.
1-27: ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹമുദുല്ല പത്രസമ്മേളനം പൂര്‍ത്തിയാക്കി വേഗം ഇറങ്ങുന്നു. തന്നെ കാത്ത് പള്ളിയിലേക്ക് പോവാനായി നില്‍ക്കുന്ന സഹതാരങ്ങള്‍ക്ക്് അരികിലെത്താനുമുള്ള ധൃതിയിലായിരുന്നു നായകന്‍. എന്നിട്ടും വാര്‍ത്താ സമ്മേളനത്തിന് ശേഷവും ഞങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
1-35: വാര്‍ത്താ സമ്മേളന വേദി വിട്ട് ഞങ്ങളെല്ലാം ബംഗ്ലാദേശ് ടീമിന്റെ പാര്‍ക്കിംഗ് വേദിയില്‍. ടീമിന്റെ മാനേജര്‍ ഖാലിദ് മഷൂദ് ഉള്‍പ്പെടെ പതിനേഴ് പേര്‍ അവിടെയുണ്ട്. ടീം അനലിസ്റ്റ് ശ്രിനിവാസ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ എല്ലാവരും അവിടെ നില്‍ക്കുന്നു
1.52: ഞാന്‍ ഹേഗ്‌ലി ഓവലില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ ഫോണിലേക്ക് ബംഗ്ലാ സംഘത്തിലെ സീനിയര്‍ താരമായ തമീം ഇഖ്ബാലിന്റെ വിളി. ഇവിടെയെല്ലാ വെടിവെപ്പാണ്… ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യം ഞാന്‍ കരുതി അദ്ദേഹം തമാശ പറയുകയാണെന്ന്. വീണ്ടും വിളിച്ച് ആശങ്കയോടെ സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. എന്നോട് എത്രയും പെട്ടെന്ന് പൊലീസിനോട് കാര്യം പറയാനായിരുന്നു തമീം ആവശ്യപ്പെട്ടത്.
1.53: ഒന്നും ആലോചിക്കാതെ ഞാന്‍ മസ്ജിദിന് സമീപത്തേക്ക് ഓടുകയായിരുന്നു. നിങ്ങള്‍ വേണമെങ്കില്‍ കരുതുന്നുണ്ടാവും എത്ര വിഡ്ഡിയാണ് ഞാനെന്ന്. ഒന്നും ആലോചിക്കാതെ ഭികരാക്രമണ മുഖത്തേക്ക് ഓടിയതിന്. പക്ഷേ ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണ്. അതിലുമുപരി ഒരു മനുഷ്യനാണ്. എന്നോട് സഹായം തേടിയവരെ സഹായിക്കണമായിരുന്നു. ഞാന്‍ ഓടുമ്പോള്‍ ഒരു വനിത കാറുമായെത്തി. അവര്‍ സഹായിക്കണമോ എന്ന് ചോദിച്ചു. അവരോട് ഞാന്‍ കാര്യം പറഞ്ഞു.
1-56: ഞാനും മറ്റ് ബംഗ്ലാദേശി മാധ്യമ പ്രവര്‍ത്തകരായ മസ്ഹറുദ്ദീനും ഉത്പലും മസ്ജിദിന്റെ കവാടത്തിലെത്തുന്നു. അവിടെ ഒരു പൊലീസ് വാഹനമുണ്ടായിരുന്നു. ദൂരെയായി ബംഗ്ലാദേശ് ടീം ബസ്സുമുണ്ടായിരുന്നു. കുറച്ച് പൊലീസ് വാഹനങ്ങളും ആംബുലന്‍സുമെല്ലാമുണ്ടായിരുന്നു. ഞാന്‍ വെറുതെ തിരിഞ്ഞ് നോക്കിയപ്പോള്‍ നിലത്ത് ഒരാള്‍ മരിച്ച്് കിടക്കുന്നതും കണ്ടു.
2-00: ഞാന്‍ മസ്ജിദിന് അരികെലത്തിയപ്പോള്‍ ഒരാള്‍ എനിക്ക് അരികിലേക്ക് ഓടിയെത്തുന്നു അയാളുടെ ദേഹത്ത് രക്തമുണ്ടായിരുന്നു. എന്റെ കൈകളില്‍ അയാള്‍ പിടിച്ചു. പിന്നെ കാണുന്നത് പലരും അലമുറയിട്ട് കരഞ്ഞ് വരുന്നതാണ്. കുറച്ച്് കൂടി മുന്നോട്ട് ഓടിയപ്പോള്‍ ബംഗ്ലാദേശ് ടീമിലെ പലരും ഓടുന്നു. ഇബാദത്ത് ഹുസൈന്‍ എന്ന താരം ഉടന്‍ എന്റെ കൈകളില്‍ പിടിച്ച് അവര്‍ക്കൊപ്പം ഓടാന്‍ പറഞ്ഞു. ഒന്നും നോക്കാതെ ഞാനും ഓടി. കളിക്കാരെല്ലാം അപ്പോല്‍ ഒപ്പമുണ്ടായിരുന്നു. ആര്‍ക്കും എന്താണ് നടക്കുന്നത് എന്ന് പോലും അറിവുണ്ടായിരുന്നില്ല.
2-04: ഞാന്‍ തമീമിനെ കാണുന്നു. അദ്ദേഹത്തിനൊപ്പം ചില താരങ്ങളുണ്ടായിരുന്നു. പലരും പല വഴിക്ക് പോവുന്ന സാഹചര്യം. എല്ലാവരും ഭയചകിതരായിരുന്നു. ഒരു സീനിയര്‍ താരം പൊട്ടിക്കരയുന്നുണ്ടായിരുന്നു.
2-08: താരങ്ങളെല്ലാവരും ഗ്രൗണ്ടിലെ ഡ്രസ്സിംഗ് റൂമിലെത്തുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. പക്ഷേ എല്ലാവരും ഭയചകിതരായിരുന്നു.
2-45: ടീം അംഗങ്ങള്‍ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിക്കുന്നു. ഉടന്‍ തന്നെ അവര്‍ താമസിക്കുന്ന കത്തിഡ്രല്‍ തെരുവിലെ ഹോട്ടലിലേക്ക് മടങ്ങുന്നു. ഞങ്ങള്‍ അവിടെ തന്നെ നിന്നു. അപ്പോഴും പൊലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ആംബുലന്‍സുകള്‍ ചീറിപ്പായുന്നു.
5-00: രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെയും രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്റെയും അനുമതിയോടെ പരമ്പര റദ്ദാക്കാന്‍ തീരുമാനിക്കുന്നു.
ന്യൂസിലാന്‍ഡ് പര്യടനം റദ്ദാക്കി
ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളെ തുടര്‍ന്നാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരമ്പര റദ്ദാക്കിയത്. മസ്ജിദിന് നേരെയുണ്ടായ വെടിവെപ്പില്‍ നിന്ന് ഭാഗ്യത്തിനാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്.
ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീം അംഗങ്ങള്‍ പരിശീലനത്തിനായി എത്തിയതായിരുന്നു. പരിശീലനത്തിന് മുമ്പ് ഇവരെല്ലാം ജുമുഅ നമസ്്കാരത്തിനായി പള്ളിയിലേക്ക് പോവാന്‍ ഒരുങ്ങവെയാണ് വെടിവെപ്പുണ്ടായത്. പലരും ഭാഗ്യത്തിന്് മാത്രമാണ് അക്രമിയുടെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ടീം മാനേജര്‍ ഖാലിദ് മഷൂദ് പറഞ്ഞു. വെടിവെപ്പ് നടക്കുമ്പോള്‍ ടീം ബസ്സ് മസ്ജിദിന് സമീപമുണ്ടായിരുന്നെന്നുും അതില്‍ പതിനേഴ് താരങ്ങളുണ്ടായിരുന്നുവെന്നും എല്ലാവരും ജുമുഅക്ക് പോവാനായി ഒരുങ്ങുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. ലിട്ടണ്‍ദാസ്, നയീം ഹസന്‍, ഞങ്ങളുടെ സ്പിന്‍ ബൗളിംഗ് കോച്ച് സുനില്‍ ജോഷി എന്നിവര്‍ മാത്രമായിരുന്നു ഹോട്ടലില്‍ തങ്ങിയത്. ഞങ്ങള്‍ മസ്ജിദിന് വളരെ അരികില്‍ എത്തുമ്പോഴായിരുന്നു വെടിവെപ്പ് കണ്ടതും കേട്ടതും. അല്‍പ്പം നേരത്തെയായിരുന്നു ഞങ്ങള്‍ പള്ളിയില്‍ എത്തിയിരുന്നതെങ്കില്‍ പലരും കൊല്ലപ്പെട്ടേനേ. കൂറെ സമയം ബസ്സില്‍ ഇരുന്ന ശഷം പിന്നീട് എല്ലാവരും പരിശീലന മൈതാനത്തേക്ക് ഓടുകയായിരുന്നു. ബസ്സില്‍ ഞങ്ങളുണ്ട് എന്ന് മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ അക്രമി ഞങ്ങളെ ലക്ഷ്യമിടുമായിരുന്നു. ഭീതി നിറഞ്ഞ ദിവസമായിരുന്നു കടന്ന് പോയതെന്നും പക്ഷേ ക്രൈസ്റ്റ്ചര്‍ച്ചിലെ ജനങ്ങളും ക്രിക്കറ്റ് ബോര്‍ഡുമെല്ലാം നല്‍കിയ പിന്തുണ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച്ചകളാണ് കണ്ടത്. ആ വേദന മനസിനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.