X

ഹൈദരാബാദ് ടെസ്റ്റ്: പ്രതിരോധം തീര്‍ത്ത് ബംഗ്ലാദേശ്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ബംഗ്ലാദേശ്. ഒന്നിന് 41 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച കടുവകള്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറിന് 322 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനേയും കറക്കി വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്ത് അര്‍ധ സെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം (81*), മെഹദി ഹസന്‍ മിറാസ് (51*) എന്നിവരാണ് കളി അവസാനിക്കുമ്പോള്‍ ക്രീസില്‍.

മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ബൗളിങ്ങ് ആക്രമണത്തിനു മുന്നില്‍ അല്‍പം പതറിയ ബംഗ്ലാ കടുവകള്‍ അവസാന രണ്ടു സെഷനുകളില്‍ കാര്യമായ പ്രതിരോധം തീര്‍ത്ത് പിടിച്ചു നിന്നു. ക്യാപ്റ്റനും മിറാസും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇതിനോടകം 87 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നാല് വിക്കറ്റുകള്‍ ശേഷിക്കെ 365 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ബംഗ്ലാ കടുവകള്‍ക്ക് മറികടക്കാനുള്ളത്. നേരത്തെ ഒന്നിന് 41 എന്ന നിലയില്‍ കളി പുനരാരംഭിച്ച ബംഗ്ലാദേശിന് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിനെ (24) നഷ്ടമായി.

ഇല്ലാത്ത റണ്ണിനായി ഓടിയ ഇഖ്ബാല്‍ റണ്ണൗട്ടായി. പിന്നാലെ എത്തിയ മൊമിനുല്‍ ഹഖ് 12 റണ്‍സെടുത്ത് ഉമേശ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 28 റണ്‍സെടുത്ത മഹ്മൂദുള്ളയെ ഇശാന്ത് ശര്‍മ മടക്കിയതോടെ ബംഗ്ലാദേശ് നാലിന് 109 എന്ന നിലയിലേക്ക് മൂക്കു കുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഷാക്കിബുല്‍ ഹസന്‍-മുഷ്ഫിഖുര്‍ റഹ്മാന്‍ കൂട്ട് കെട്ട് കടുവകളെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റി.

ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തി മികച്ച പ്രകടനം കാഴ്ചവെച്ച ഷാക്കിബുല്‍ ഹസന്‍ 82 റണ്‍സെടുത്ത് നില്‍ക്കെ അശ്വിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. പിന്നാലെ എത്തിയ സാബിര്‍ റഹ്മാന്‍ 16 റണ്‍സുമായി മടങ്ങി. എന്നാല്‍ കൂടുതല്‍ നഷ്ടം വരാതെ ക്യാപ്റ്റനും മിറാസും പിടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഉമേശ് യാദവ് രണ്ടും ഇശാന്ത് ശര്‍മ, അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. നേരത്തെ ആറ് വിക്കറ്റിന് 687 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്.

chandrika: