ജയ്പൂര്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 30 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂര്‍ ടീമിന്റെ വഴിയടഞ്ഞത്. ജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് അടുത്ത റൗണ്ടില്‍ കളിക്കുമോ എന്നറിയാന്‍ നാളെ വരെ കാത്തിരിക്കേണ്ടി വരും.
ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. 80 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ (32), ഹെന്റിക് ക്ലാസന്‍ (32), കൃഷ്ണപ്പ ഗൗതം (14) എന്നിവര്‍ തിളങ്ങിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും (0) സഞ്ജു സാംസണും (0) ബാറ്റിങില്‍ പരാജയമായി.
ചേസ് ചെയ്യാന്‍ എളുപ്പമെന്ന് തോന്നിച്ച സ്‌കോറിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ക്യാപ്ടന്‍ വിരാട് കോഹ്ലിയെ (4) പെട്ടെന്നു നഷ്ടമായെങ്കിലും പാര്‍ത്ഥിവ് പട്ടേലും (33) എ.ബി ഡിവില്ലിയേഴ്‌സും (53) ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യം വിജയ പ്രതീക്ഷ നല്‍കി. എട്ടാം ഓവറില്‍ 75 കടന്ന അവര്‍ പക്ഷേ, സ്പിന്നര്‍ ശ്രേയസ് ഗോപാലിന്റെ മുന്നില്‍ തകരുകയായിരുന്നു. പാര്‍ത്ഥിവ്, ഡിവില്ലിയേഴ്‌സ്, മുഈന്‍ അലി (1), മന്‍ദീപ് സിങ് (3) എന്നിവരെ പുറത്താക്കിയ ശ്രേയസ് ബാംഗ്ലൂരിന്റെ മധ്യനിര തകര്‍ത്തു. ബെന്‍ ലാഫ്‌ലിന്‍, ജയദേവ് ഉനദ്കത്ത് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തപ്പോള്‍ കൃഷ്ണപ്പ ഗൗതം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 134 റണ്‍സിന് എല്ലാവരും പുറത്തായി.