ബെംഗളൂരു: ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ അരക്കോടി രൂപ വിലമതിക്കുന്ന ഭൂമി വിട്ടു നല്‍കി മുസ്‌ലിമായ ആള്‍. ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസകോട്ടെയിലാണ് സംഭവം. അമ്പതു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് വിട്ടു നല്‍കിയത്.
എച്ച് എം ജി ബാഷയെന്ന ഇസ്‌ലാം വിശ്വാസിയായ ആളാണ് ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് 1.5 ഗുണ്ട ഭൂമി നല്‍കിയത്. ഭൂമിയുടെ ഒരു കഷണം അളക്കുന്നതിനെയാണ് ഇവിടങ്ങളില്‍ ഗുണ്ട എന്നു പറയുന്നത്. ഒരു ഗുണ്ട എന്നു പറയുന്നത് 1089 സ്‌ക്വയര്‍ ഫീറ്റ് ആണ്.
ഹൊസകോട്ടെയ്ക്ക് സമീപം ബെംഗളൂരു ചെന്നൈ ദേശീയപാതയ്ക്ക് സമീപമായാണ് ക്ഷേത്രത്തിനായി നല്‍കിയ സ്ഥലം. ക്ഷേത്രം ചെറുതായതു കൊണ്ട് നിരവധിയാളുകള്‍ പ്രാര്‍ത്ഥിക്കാന്‍ കഷ്ടപ്പെടുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ബാഷ പറഞ്ഞു. അതുകൊണ്ട് തന്റെ ഭൂമിയുടെ ഒരു ഭാഗം നല്‍കാന്‍ തീരുമാനിച്ചെന്നും തന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഇതിനോട് യോജിച്ചെന്നും പറഞ്ഞ അദ്ദേഹം ഇത് സമൂഹത്തിന് ഒരു സഹായമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്ഷേത്രത്തിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റി ഭൈര്‍ ഗൗഡ പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുന്നതിന് വേണ്ടി അദ്ദേഹം ഭൂമി നല്‍കിയതില്‍ വളരെ സന്തോഷം ഉണ്ടെന്നും ഗൗഡ പറഞ്ഞു. ഇതിനിടയില്‍, ബാഷയ്ക്ക് അനുമോദനം അര്‍പ്പിച്ച് പ്രധാന റോഡിന്റെ അരികില്‍ പോസ്റ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.