ബംഗളുരു: നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ചിരുന്ന 6.7 കിലോമീറ്റര്‍ സ്റ്റീല്‍ ഫ്‌ളൈ ഓവറില്‍ നിന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറി. അഴിമതിയാരോപണവും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് 1800 കോടി രൂപ വകയിരുത്തിയിരുന്ന പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും വേദനയോടെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നും ബംഗളുരു സിറ്റി വികസ മന്ത്രി കെ. ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സിദ്ധരാമയ്യയുടെ പാര്‍ലമെന്ററി സെക്രട്ടറി കെ. ഗോവിന്ദ് രാജുവിന്റെ വീട്ടില്‍ നടത്തിയ ആദായ നികുതി റെയ്ഡില്‍ വിവാദ പരാമര്‍ശങ്ങള്‍ കണ്ടെത്തിയിരുന്നു. ‘സ്റ്റീല്‍ ബ്രിഡ്ജിനു വേണ്ടി 65 കോടി’ എന്ന പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കി. ഫ്‌ളൈ ഓവര്‍ പദ്ധതിയിലെ അഴിമതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഒരു വിഭാഗവും പദ്ധതിക്ക് എതിരായിരുന്നു.
ഫ്‌ളൈ ഓവര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നഗരത്തിലെ 812 വന്മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുമെന്ന വെളിപ്പെടുത്തല്‍ പൊതുജനങ്ങളുടെ വികാരം പദ്ധതിക്ക് എതിരാക്കി. ബംഗളുരുവിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പദ്ധതി പുനഃപരിശോധിക്കാന്‍ കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
2013-ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായ ഫ്‌ളൈ ഓവറില്‍ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിന്റെ സമീപപ്രദേശങ്ങളിലെ വന്‍ വാഹനത്തിരക്ക് കുറക്കാന്‍ ഫ്‌ളൈ ഓവര്‍ കൊണ്ട് കഴിയുമെന്നും മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം 60,000 വൃക്ഷത്തൈകള്‍ നടുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.